വാഷിങ്ടന്‍: ജറുസലേം വിഷയത്തില്‍ സമാധാനം ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി യുഎസ് പ്രഖ്യാപനം വന്നതിന് പിന്നാലെ അക്രമാസക്തമായ ഗാസ, വെസ്റ്റ് ബാങ്ക് മേഖലയിലാണ് ട്രംപ് സമാധാന ആഹ്വാനം നടത്തിയത്. പ്രതിഷേധക്കാര്‍ സംയമനം പാലിക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ജറുസലേം തീരുമാനത്തില്‍ ഇടപെടാനില്ലെന്നു യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ഇറ്റലിയും സ്വീഡനും അറിയിച്ചു. ട്രംപിന്റെ നീക്കം മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് ഒരു തരത്തിലും സഹായകരമാകില്ലെന്നു സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തില്‍ അഞ്ചു രാജ്യങ്ങളും വ്യക്തമാക്കി.
ഇസ്രായേലും പലസ്തീനും തമ്മില്‍ സുദീര്‍ഘമായ സമാധാന കരാര്‍ ഒപ്പുവയ്ക്കുന്നതില്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് വൈറ്റ് ഹൗസ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ വ്യക്തമാക്കി. ജറുസലമിനെ തലസ്ഥാനമാക്കുന്നതു ശരിയായ തീരുമാനമാണെന്നും ഷാ പറഞ്ഞു. മധ്യപൂര്‍വേഷ്യയില്‍ സമാധാനത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നെങ്കില്‍ അക്കാര്യത്തില്‍ സത്യസന്ധത പാലിക്കേണ്ടതുണ്ട്. ജറുസലേം ആണു തലസ്ഥാനമെന്ന ‘സത്യം’ അംഗീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ട്രംപിന്റെ തീരുമാനത്തിനു പിന്നാലെ ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയാണ്. ഇസ്രായേലിലെ ഒരു തെക്കന്‍ നഗരത്തിലേക്ക് ഗാസ റോക്കറ്റാക്രണം നടത്തിയതായി സൈന്യം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ റോക്കറ്റ് പൊട്ടിത്തെറിച്ചില്ലെന്നാണ് സൂചന. ശനിയാഴ്ചയുണ്ടായ മൂന്നാമത്തെ റോക്കറ്റ് ആക്രമണമാണിത്. ഗാസയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ രണ്ടു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. അതീവ ഗുരുതരാവസ്ഥയിലായ മറ്റൊരാളുടെ തലയ്ക്ക് വെടിയേറ്റിട്ടുണ്ട്. റോക്കറ്റാക്രമണത്തിനു മറുപടിയായി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 14 പേര്‍ക്കു പരുക്കേറ്റതായി പലസ്തീന്‍ അറിയിച്ചു.
ഗാസയോടു ചേര്‍ന്ന് അതിര്‍ത്തിയില്‍ 4500ഓളം പലസ്തീന്‍കാര്‍ ആക്രമണം അഴിച്ചുവിടുന്നുവെന്നാണ് ഇസ്രായേലിന്റെ മറുവാദം. ഇവര്‍ക്കു നേരെ വെടിവയ്പു നടത്തിയതായും സൈന്യം സമ്മതിച്ചു. എന്നാല്‍ പരുക്കേറ്റവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹമാസിന്റെ പരിശീലന കേന്ദ്രവും ഗാസയിലെ ആയുധസംഭരണശാലയുമാണു വ്യോമാക്രമണത്തില്‍ തകര്‍ത്തതെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഹമാസിന്റെ കേന്ദ്രങ്ങളാണു വ്യോമാക്രമണമുണ്ടായതെന്നും പലസ്തീന്‍ സുരക്ഷാവിഭാഗവും അറിയിച്ചിട്ടുണ്ട്.
Post Your Comments