Latest NewsNewsBusiness

ലക്ഷങ്ങള്‍ ചെലവഴിച്ച് വസ്തുവും സ്വര്‍ണവും വാങ്ങിയവര്‍ക്ക് തിരിച്ചടി

 

കൊച്ചി: ലക്ഷങ്ങള്‍ ചെലവഴിച്ച് വസ്തുവും സ്വര്‍ണ്ണവുമൊക്കെ വാങ്ങിക്കൂട്ടിയവര്‍ക്ക് തിരിച്ചടി. ആദായനികുതി വകുപ്പ് ഇത്തരക്കാരെ തിരഞ്ഞുപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നോട്ട് നിരോധനത്തിന് ശേഷം സംസ്ഥാനത്ത് വലിയ ഇടപാടുകള്‍ നടത്തിയവര്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പ്. മറ്റൊരാളിന്റെ പേരില്‍ ഭൂമി വാങ്ങി രജിസ്റ്റര്‍ ചെയ്തവരെയും പിടികൂടും. കള്ളപ്പണമാണെന്ന് കണ്ടെത്തിയാല്‍ വസ്തു സര്‍ക്കാറിലേക്ക് കണ്ടുകെട്ടും.

നോട്ട് നിരോധനത്തിന് ശേഷം ഇടപാടുകള്‍ ബാങ്ക് വഴിയാക്കിയപ്പോള്‍ പലരും വസ്തുവും സ്വര്‍ണ്ണവുമൊക്കെ വാങ്ങി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആദായ നികുതി അടയ്ക്കാത്തവര്‍ ലക്ഷങ്ങളുടെ സ്വര്‍ണ്ണവും ഭൂമിയും വാങ്ങിയത് കള്ളപ്പണത്തിന്റെ പരിധിയില്‍ വരും. രാജ്യത്തൊട്ടാകെ കുറഞ്ഞത് 20,000 ഇടപാടുകളെങ്കിലും ബിനാമിയോ കള്ളപ്പണം ഉപയോഗിച്ച് നടത്തിയതോ ആണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇതില്‍ വന്‍ തുകയുടെ ഇടപാടുകള്‍ നടത്തിയവര്‍ക്ക് ആദ്യഘട്ടത്തില്‍ നോട്ടീസ് അയച്ചു തുടങ്ങി.

സംസ്ഥാനത്ത് ഇരുപതിലേറെപ്പേര്‍ക്ക് നോട്ടീസ് കിട്ടിയെന്നാണ് വിവരം. ഇവര്‍ ആദായ നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തണം. വീട്, സ്ഥലം, സ്വര്‍ണം എന്നിവയുടെ ഇടപാടുകള്‍ നടത്തിയവര്‍ക്കെതിരെയാണു നടപടി. എന്നാല്‍ എല്ലാം ബിനാമി ഇടപാട് ആവണമെന്നില്ല. നിയമവിധേയമായ മാര്‍ഗ്ഗങ്ങിളിലൂടെ സമ്പാദിച്ച പണമാണെങ്കില്‍ അതിന് നികുതിയും പിഴയും അടയ്‌ക്കേണ്ടി വരും. ഇത് നല്‍കിയില്ലെങ്കില്‍ വസ്തു സര്‍ക്കാലേക്ക് കണ്ടുകെട്ടും. മറ്റൊരാളുടെ പേരില്‍ ബിനാമിയായി വാങ്ങിയതാണെങ്കില്‍ യഥാര്‍ത്ഥ ഉടമ ഹാജരാകണം. ഇത് ചെയ്യാതിരുന്നാലും വസ്തു കണ്ടുകെട്ടും.

വസ്തു രജിസ്റ്റര്‍ ചെയ്തിരിക്കുന്നയാളിന് അതിനുള്ള വരുമാനം ഇല്ലെന്ന് ബോധ്യപ്പെട്ടാല്‍ അത്തരം ഇടപാടുകള്‍ ബിനാമിയായി കണക്കാക്കും. കഴിഞ്ഞ കുറേ നാളുകളായി ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരികയായിരുന്നു. ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട പണവും വസ്തു രജിസ്!ട്രേഷന്‍ വിവരങ്ങളുമൊക്കെ പരിശോധിച്ചാണ് സംശയകരമായ ഇടപാടുകള്‍ കണ്ടെത്തുന്നത്.

കേരളത്തില്‍ ആദ്യ ഘട്ടമായി കണ്ണൂര്‍ ജില്ലയിലുള്ളവര്‍ക്കാണ് കൂടുതലായി നോട്ടീസ് ലഭിച്ചത്. വസ്തു ഇടപാടുകളാണ് ഇവരില്‍ ഭൂരിപക്ഷവും നടത്തിയിരിക്കുന്നത്. തുകയുടെ വലിപ്പം അനുസരിച്ചാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിട്ടുള്ളതെന്നും താഴെ കൂടുതല്‍ പേര്‍ക്ക് നോട്ടിസ് അയക്കുമെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button