KeralaLatest NewsNews

ഓഖി ചുഴലിക്കാറ്റ് ; കേന്ദ്ര സഹായത്തിനായി മുഖ്യമന്ത്രി രാജ്‌നാഥ് സിംഗുമായി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: ഓഖി ദുരിതബാധിതരുടെ ദുരിതാശ്വാസത്തിനായി പ്രത്യേക ഫണ്ടുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. അതേസമയം മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തും.

രാഷ്ട്രീയപാര്‍ട്ടികളും സ്ഥാപനങ്ങളും സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇതിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഒരു ദിവസത്തെ വേതനമെങ്കിലും എല്ലാ ജീവനക്കാരും സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും മത്സ്യബന്ധനത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും വീട് നിര്‍മിക്കാനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും തീരുമാനമായി. സുനാമി പുനരുദ്ധാരണ പാക്കേജിന്റെ മാതൃകയിലുള്ള സഹായമാണ് ആവശ്യപ്പെടുന്നത്. ഇക്കാര്യം മുഖ്യമന്ത്രി രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.

സര്‍വകക്ഷിയോഗത്തിന്റെ തുടര്‍ച്ചയായി തീരദേശത്തെ തൊഴിലാളി സംഘടനകളുമായും സാമൂഹിക സംഘടനകളുമായും ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 25 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന സര്‍വകക്ഷിയോഗത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.മരിച്ചവരുടെ ആശ്രിതരില്‍ ഒരാള്‍ക്ക് ജോലി നല്‍കുന്ന കാര്യം പരിഗണിക്കും. തീരദേശ പൊലീസില്‍ 200 പേരെ നിയമിക്കുന്നതില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കും. കടല്‍ക്ഷോഭം കാരണം കടലില്‍ പോകാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടായിരം രൂപ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button