KeralaLatest NewsNews

അനധികൃതമായി റോഡുകള്‍ കുഴിക്കുന്നത് ഇനി മുതല്‍ ക്രിമിനല്‍കുറ്റം

തിരുവനന്തപുരം: അനധികൃതമായി റോഡുകള്‍ കുഴിക്കുന്നത് ഇനിമുതല്‍ ക്രിമിനല്‍കുറ്റമായി കണക്കാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. റോഡ് മധ്യത്തിലൂടെ കേബിളിടുന്നത് തടഞ്ഞും നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയുമുള്ള നിര്‍ദ്ദേശം സംസ്ഥാനത്തെ മുഴുവന്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ ലഭിച്ചു കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി.
 
മഴക്കാലത്ത് റോഡ് കുഴിക്കുന്നത് പൂര്‍ണ്ണമായും നിരോധിക്കുന്നതിനോടൊപ്പം കേബിള്‍, പൈപ്പ് ലൈന്‍ എന്നിവ സ്ഥാപിക്കുന്നത് കര്‍ശന നിബന്ധനകളും ഏര്‍പ്പെടുത്തും. ഇത്തരം ആവശ്യങ്ങള്‍ക്ക് റോഡിന്റെ ടാറിംഗുള്ള ഭാഗം ഒഴിവാക്കി മാത്രമേ ഉപയോഗിക്കാവൂ. റോഡ് മുറിച്ചുകടന്ന് കുഴികള്‍ എടുക്കണമെങ്കില്‍ വിശദമായ പ്ലാനും റൂട്ടും പൊതുമരാമത്ത് വകുപ്പിന് നല്‍കി നിശ്ചിത ഫീസ് അടച്ച് മുന്‍കൂര്‍ അനുമതി നല്‍കണം. ജില്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കായിരിക്കും ഇതിന്റെ ചുമതല. പൈപ്പ് ലൈന്‍ പൊട്ടുന്നതുപോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ വാട്ടര്‍ അതോറിറ്റിക്ക് റോഡ് കുഴിക്കാന്‍ പ്രത്യേക അനുമതി നല്‍കും.
 
ആധുനിക യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ച് റോഡില്‍ പരമാവധി നാശമുണ്ടാക്കാത്ത വിധത്തിലേ പൈപ്പുകള്‍ സ്ഥാപിക്കാന്‍ പാടുള്ളൂവെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സ്വകാര്യ കമ്പനികളുടെ കേബിള്‍ ജോലിക്ക് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടവും വേണമെന്നും പാലങ്ങളുടെ അടിയിലൂടെ പൈപ്പുകള്‍ സ്ഥാപിച്ച് കേബിള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കുമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button