ന്യൂയോര്‍ക്ക് : ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് ലോകത്തെ വീണ്ടും അസമാധാനത്തിലേക്ക് തള്ളിവിട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്. ട്രംപിനെ ജര്‍മന്‍ സ്വേഛാധിപതി ഹിറ്റ്‌ലറോടാണ് ഒബാമ താരതമ്യം ചെയ്തത്. ലോകത്തെ രണ്ടാം ലോകയുദ്ധത്തിലേക്ക് തള്ളിവിട്ട ഹിറ്റ്‌ലറുടെ നടപടികളുമായി ട്രംപിന്റെ ചെയ്തികള്‍ക്ക് സാമ്യമുണ്ടെന്ന് ഷിക്കാഗോയില്‍ ഇക്കണോമിക് ക്ലബ്ബിന്റെ യോഗത്തില്‍ പ്രസംഗിക്കവെ ഒബാമ പറഞ്ഞു.
ട്രംപിന്റെ പേരെടുത്ത് പറയാതെയായിരുന്നു ഒബാമയുടെ പ്രസംഗമെങ്കിലും അദ്ദേഹം ഉദ്ദേശിച്ചത് ട്രംപിനെത്തന്നെയാണെന്ന് വ്യക്തമായിരുന്നു. ജനാധിപത്യം ചുമതല നിറവേറ്റിയില്ലെങ്കില്‍ സ്വേഛാധിപതികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തെ ലാഘവത്തോടെ കാണരുതെന്ന് ഒബാമ ഉപദേശിച്ചു. വംശീയ വാദിയായ ഒരാള്‍ ലോകത്തെ ഇല്ലാതാക്കുമെന്നും ഒബാമ സൂചിപ്പിച്ചു. അമേരിക്ക മാത്രമെന്ന തരത്തിലുള്ള ട്രംപിന്റെ നിലപാടുകളെയാണ് ഇതിലൂടെ ഒബാമ ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഉന്നതിയില്‍ അമേരിക്കയുടെ പങ്കിനെയും അദ്ദേഹം എടുത്തുപറഞ്ഞു. ലോകത്ത് മറ്റൊരു രാജ്യത്തിനും ഇത്രയേറെ ശേഷിയും സ്രോതസുകളുമില്ല. അമേരിക്ക അതുപയോഗിച്ചില്ലെങ്കില്‍ ലോകത്തിന് പ്രയോജനപ്പെടുകയുമില്ല.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം എത്രയെന്ന് ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു താന്‍ രണ്ടുവട്ടം അമേരിക്കയുടെ പ്രസിഡന്റ് പദത്തിലിരുന്നതെന്നും ഒബാമ പറഞ്ഞു.
മാധ്യമങ്ങളോട് ഇടഞ്ഞുനില്‍ക്കുന്ന ട്രംപിന്റെ നിലപാടുകളെ വിമര്‍ശിക്കുകയായിരുന്നു ഇതിലൂടെയും ഒബാമ ചെയ്തത്. എന്നാല്‍, ട്രംപിനെ പരോക്ഷമായി ഹിറ്റ്‌ലറോട് താരതമ്യം ചെയ്ത ഒബാമയുടെ നടപടിയെ സോഷ്യല്‍ മീഡിയയില്‍ പലരും വിമര്‍ശിച്ചു.
ജനാധിപത്യ പക്രിയയിലൂടെ അധികാരത്തിലേറിയ പ്രസിഡന്റിനെ ഹിറ്റ്‌ലറോട് ഉപമിക്കുക വഴി അമേരിക്കയെത്തന്നെയാണ് ഒബാമ നാണംകെടുത്തിയിരിക്കുന്നതെന്ന് ചിലര്‍ വിമര്‍ശിച്ചു. ഒബാമയുടെ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളനാവുന്നില്ലെന്ന് ചിലര്‍ പ്രതികരിച്ചു. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വന്ന ഒബാമയുടെ വാക്കുകള്‍, ആഗോളതലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തു. ട്രംപ് ബോംബിന്റെ പിന്‍ ഊരിവിടുകയാണ് ചെയ്തതെന്ന് തുര്‍ക്കി നേരത്തേ ആരോപിച്ചിരുന്നു.
Post Your Comments