ജയ്‌പൂർ അമിറ്റി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി സ്റ്റാന്‍ലി ബെന്നി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ രക്ഷിക്കാനാണ് സര്‍വകലാശാല അധികൃതരും പൊലീസും ശ്രമിക്കുന്നതെന്ന് മാതാപിതാക്കളുടെ ആരോപണം.മുഖ്യമന്ത്രി പിണറായി വിജയനും കുടുംബം കത്തയച്ചിട്ടുണ്ട്. നവംബര്‍ 17നാണ് സഹവിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് എംബിഎ വിദ്യാര്‍ത്ഥിയായ സ്റ്റാന്‍ലി കൊല്ലപ്പെട്ടത്
നവംബര്‍ 14നാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. കോളേജിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളും ഹരിയാന രജിസ്‌ട്രേഷനിലെ ഒരു വാഹനത്തിലെത്തിയവരും ഹോസ്റ്റല്‍ മുറിയില്‍നിന്നും സ്റ്റാന്‍ലിയെ വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ഹോസ്റ്റല്‍ വാര്‍ഡനോട് പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ക്രൂരമായി മര്‍ദ്ദമേറ്റ സ്റ്റാന്‍ലി 16 ന് ബോധരഹിതനായതോടെ സഹപാഠികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17നാണ് സ്റ്റാന്‍ലി മരിച്ചത്.
ആശുപത്രി അധികൃതര്‍ ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നും സ്റ്റാന്‍ലിയുടെ ശരീരമാകകലം മുറിവുകളുണ്ടായിരുന്നതായും സ്റ്റാന്‍ലിയുടെ പിതാവ് സി ആര്‍ ബെന്നി പറഞ്ഞു. കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍വകലാശാല അധികൃതരോ പൊലീസോ തയ്യാറായില്ലെന്നും പിതാവ് കുറ്റപ്പെടുത്തി. സര്‍വകലാശാലയുടെ പ്രതിച്ഛായയെ ബാധിക്കാത്ത തരത്തില്‍ കേസ് ഒതുക്കി തീര്‍ക്കാനാണ് അധികൃതരുടെ ശ്രമമെന്നും കുടുംബം ആരോപിക്കുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ജയ്പൂര്‍ മലയാളി അസോസിയേഷന്‍ ഞായറാഴ്ച മെഴുകുതിരി പ്രതിഷേധം നിശ്ചയിച്ചിട്ടുണ്ട്. പഞ്ചാബിലെ സുനാമില്‍ താമസമാക്കിയ സ്റ്റാന്‍ലി ബെന്നിയും കുടുംബവും തൃശൂര്‍ പുത്തന്‍ചിറ തുമ്പൂര്‍ സ്വദേശികളാണ്.
Post Your Comments