ദമ്മാം: ശമ്പളമില്ലാതെ പ്രവാസജീവിതം വഴിമുട്ടിയ ഇൻഡ്യാക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി, വനിതാ അഭയകേന്ദ്രം വഴി നാട്ടിലേയ്ക്ക് മടങ്ങി.
മുംബൈ സ്വദേശിനി റെഹാനയാണ് ഏറെ കഷ്ടപ്പാടുകൾ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്.
ഏറെ പ്രതീക്ഷകളോടെ മൂന്ന്മാസം മുമ്പാണ് റെഹാന നാട്ടിൽ നിന്നും സൗദി അറേബ്യയിലെ ദമ്മാമിൽ വീട്ടുജോലിയ്ക്ക് എത്തിയത്. പകലന്തിയോളം കഠിനമായ ജോലി, മതിയായ വിശ്രമമോ, ആഹാരമോ കിട്ടാത്ത അവസ്ഥ, അനാവശ്യമായ ശകാരം എന്നിങ്ങനെ ആ വീട്ടിലെ ജോലി സാഹചര്യങ്ങൾ വളരെ മോശമായിരുന്നു. എങ്കിലും നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയോർത്ത് കഴിവതും ആ ജോലിയിൽ പിടിച്ചു നിൽക്കാൻ റെഹാന ശ്രമിച്ചു.
വന്നിട്ട് മാസം മൂന്നു കഴിഞ്ഞിട്ടും ഒരു റിയാൽ പോലും ആ വീട്ടുകാർ ശമ്പളമായി നൽകിയില്ല. ചോദിച്ചാൽ അതിനും ശകാരം കിട്ടും. ആകെ ബുദ്ധിമുട്ടിലായ റെഹാന ഒരു ദിവസം ആരുമറിയാതെ ആ വീട് വിട്ടിറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. സൗദി പോലീസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ചേർത്തു.
വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് റെഹാന സ്വന്തം അവസ്ഥ വിവരിച്ച്, നാട്ടിലേയ്ക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ചു. മഞ്ജു റെഹാനയുടെ സ്പോൺസറെ ബന്ധപ്പെട്ടെങ്കിലും അവർ സഹകരിയ്ക്കാൻ തയ്യാറാകാതെ കൈയൊഴിഞ്ഞു. തുടർന്ന് മഞ്ജു വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ റെഹാനയ്ക്ക് ഫൈനൽ എക്സിറ്റും, ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ ഔട്ട്പാസ്സും എടുത്തു കൊടുത്തു. ദമ്മാമിൽ ജോലി ചെയ്യുന്ന റെഹാനയുടെ ഒരു ബന്ധു വിമാനടിക്കറ്റ് എടുത്തു കൊടുത്തു.
നിയമനടപടികൾ പൂർത്തിയാക്കി റെഹാന നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments