തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് നാവികസേനയും വ്യോമസേനയും കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം അദ്ദേഹം മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയുമുണ്ടായി. അടുത്ത കാലത്ത് കണ്ടിട്ടുള്ള വലിയ ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചതെന്നും അതിനെ ഒരുമിച്ച് നേരിടാൻ ശ്രമിക്കുമ്പോൾ ചില മാധ്യമങ്ങൾ സ്വീകരിച്ച നടപടി കേരളത്തിന്റെ പൊതുവികാരത്തിന് ഒപ്പമുള്ളതായിരുന്നോ എന്ന ആത്മപരിശോധന നടത്തണമെന്നും പിണറായി വ്യക്തമാക്കി.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരള ജനത ഒന്നടങ്കം കേന്ദ്രസേനകളുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ നടത്തി. പ്രതിരോധ വിഭാഗങ്ങളോട് സർക്കാർ നന്ദി പ്രകടിപ്പിക്കുന്നു. കേന്ദ്ര മന്ത്രിമാരായ നിർമലാ സീതാരാമനും, അൽഫോൺസ് കണ്ണന്താനവും കേരളത്തിൽ വരികയും രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തതിനും കേരളസർക്കാരിന്റെ നന്ദി അറിയിക്കുന്നു. കടലോര ജനത അനുഭവിക്കുന്ന ദുരിതം പരിഹരിക്കുന്നതിന് കേരളത്തിലെ എല്ലാവിധ ജനവിഭാഗങ്ങളുടെയും സഹായം അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments