Latest NewsNewsIndia

ഗുജറാത്ത് തെരഞ്ഞെടുപ്പ് : എല്ലാവരേയും ഞെട്ടിച്ച് പുതിയ സര്‍വേ ഫലം

 

അഹമ്മദാബാദ് : രാജ്യം മുഴുവനും ഗുജറാത്തിലേയ്ക്ക് ഉറ്റുനോക്കുമ്പോള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പുതിയ സര്‍വേ ഫലം എല്ലാവരേയും ഞെട്ടിച്ചു. കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും വോട്ട് ശതമാനത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം എത്തുമെന്നുമാണു പുതിയ വിലയിരുത്തല്‍.

എബിപി (സിഎസ്ഡിഎസ് – ലോക്‌നീതി) സര്‍വേ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. . ആദ്യ സര്‍വേ ഫലങ്ങള്‍ ബിജെപിക്കു നൂറിനുമേല്‍ സീറ്റുകള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നു പ്രവചിച്ചിരുന്നു. എന്നാല്‍, നവംബര്‍ അവസാനവാരം നടത്തിയ സര്‍വേയില്‍ സീറ്റ് നൂറില്‍ താഴേക്കു പോയി; 91- 99 സീറ്റ് വരെ. കോണ്‍ഗ്രസിന് 86 സീറ്റ് വരെ ലഭിക്കാം. നേരത്തേ നടത്തിയ മറ്റ് അഭിപ്രായ സര്‍വേകളിലെ ഫലങ്ങള്‍ ഇങ്ങനെ:

ടൈംസ് നൗ – വിഎംആര്‍ 18-134 (ബിജെപി), 40-61 (കോണ്‍ഗ്രസ്)

ഇന്ത്യാ ടുഡെ – ആക്‌സിസ് 115- 125 (ബിജെപി), 57-65 (കോണ്‍ഗ്രസ്)

ശതമാനക്കണക്കില്‍ കോണ്‍ഗ്രസ് മുന്നേറ്റം

വോട്ടുശതമാനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലെത്തും എന്നാണു പുതിയ എബിപി (സിഎസ്ഡിഎസ്-ലോക്‌നീതി) സര്‍വേയുടെ വിലയിരുത്തല്‍. ഇരുപാര്‍ട്ടികളും 43 ശതമാനം വരെ വോട്ട് നേടിയേക്കുമെന്നും സര്‍വേ പറയുന്നു. മുന്‍ സര്‍വേകളില്‍ ബിജെപിയുടെ വോട്ടുശതമാനം ശരാശരി 50ന് അടുത്തായിരുന്നു.

ടൈംസ് നൗ (ഒക്ടോബര്‍ അവസാനവാരം) – 52% (ബിജെപി), 37% (കോണ്‍ഗ്രസ്).

ഇന്ത്യാ ടുഡെ (ഒക്ടോബര്‍ അവസാനവാരം) – 48% (ബിജെപി), 38% (കോണ്‍ഗ്രസ്).

2012ല്‍ 3.8 കോടി വോട്ടര്‍മാരില്‍ 72 ശതമാനം പേര്‍ ബൂത്തിലെത്തിയപ്പോള്‍ ബിജെപിക്കു 47.85 ശതമാനവും കോണ്‍ഗ്രസിനു 38.9 ശതമാനവും വോട്ടാണ് നേടാനായത്. ബിജെപി 115 സീറ്റിലും കോണ്‍ഗ്രസ് 61 സീറ്റിലും ജയിച്ചുകയറി. ഇത്തവണ ആകെ വോട്ടര്‍മാര്‍ 4.35 കോടിയാണ്. ബിജെപിയുടെ അഞ്ചു ശതമാനത്തോളം വോട്ടുകള്‍ കോണ്‍ഗ്രസ് പക്ഷത്തേക്കു മറിയുന്നുവെന്നതിന്റെ സൂചനയാണു പുതിയ സര്‍വേ ഫലങ്ങള്‍ നല്‍കുന്നത്. ബിജെപിയുടെ വോട്ടില്‍ എട്ടു ശതമാനം വരെ കുറയാനിടയുണ്ടെന്ന് ഒക്ടോബര്‍ ആദ്യം ആര്‍എസ്എസ് തന്നെ നടത്തിയ സര്‍വേയില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

ജയിച്ചുകയറിയ 1995 മുതലുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം ശരാശരി 40 ശതമാനമായിരുന്നു ബിജെപിയുടെ ജനസമ്മതി. 95ല്‍ 121 സീറ്റ് (42.5%), 98ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ 117 സീറ്റ് (44.8%), 2002ല്‍ 127 സീറ്റ് (49.85%), 2007ല്‍ 117 സീറ്റ് (49.12 %), 2012ല്‍ 115 സീറ്റ് (47.85 %). എന്നാല്‍ കോണ്‍ഗ്രസിന് ഇക്കാലങ്ങളില്‍ വോട്ട് അടിത്തറ ശരാശരി 30 ശതമാനമായിരുന്നു. 2002ല്‍ മാത്രമാണ് അതു 39 ശതമാനമായത്.

പുതിയ സര്‍വേയില്‍, 30 വയസ്സില്‍ താഴെയുള്ളവരില്‍ കൂടുതലും ബിജെപിക്ക് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ മധ്യവയസ്‌കര്‍ക്കു കോണ്‍ഗ്രസിനോടാണു താല്‍പര്യം. ആകെ വോട്ടര്‍മാരില്‍ 65 ശതമാനത്തോളം പേര്‍ 35 വയസ്സില്‍ താഴെയുള്ളവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button