അയോധ്യ: അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. വി.എച്ച്.പി. ഇന്ന് ”ശൗര്യ ദിവസും” ഇടതുപക്ഷം കരിദിനവും ആചരിക്കും. പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍ ഓള്‍ ഇന്ത്യ മുസ്ലിം പഴ്‌സണല്‍ ലോ ബോര്‍ഡും ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.
രൂക്ഷമായ രാഷ്ട്രീയസാഹചര്യം നിലനിന്നിരുന്ന ഉത്തര്‍ പ്രദേശിലെ ”രാമജന്മഭൂമി മുന്നേറ്റ”മാണ് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ബി.ജെ.പിയുടെ സ്ഥാനം ഉറപ്പിച്ചത്.
15-ാം നൂറ്റാണ്ടിലെ ബാബ്‌റി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യമായിരുന്നു പിന്നീട് ഇന്ത്യയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവം ഉണ്ടായത്. 1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തു. തുടര്‍ന്നുള്ള കലാപം 2000 പേരുടെ ജീവന്‍ കവര്‍ന്നെടുക്കുകയും ചെയ്തു. ബാബ്രി മസ്ജിദ് തകര്‍ത്തതിന്റെ 25-ാം വാര്‍ഷികം ”ശൗര്യ ദിവസ്” ആയി ആചരിക്കാനുള്ള തയാറെടുപ്പിലാണ് വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി വി.എച്ച്.പിയുടെ ഓഫീസുകള്‍ കാവിക്കൊടികളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചുകഴിഞ്ഞു.
പ്രശ്‌നം സമാധാനത്തോടെ പരിഹരിക്കപ്പെടാന്‍ പ്രാര്‍ഥനയോടെ കഴിയാന്‍ ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫാര്‍യബ് ജീലാനി നിര്‍ദേശിച്ചു. വാര്‍ഷിക ദിനം സമാധാനപരമായി ആചരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. സി.പി.എം, സി.പി.ഐ, ആര്‍.എസ്.പി, എ.ഐ.എഫ്.ബി, എസ്.യു.സി.ഐ(സി) എന്നിവയാണ് വര്‍ഗീയ ശക്തികള്‍ക്കെതിരേ ഇന്ന് കരിദിനം ആചരിക്കുന്നത്.
മതകേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയൊരുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലത്തെ സുപ്രീം കോടതി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അയോധ്യ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. 25 വര്‍ഷമായി തുടരുന്ന രാമജന്മഭൂമി- ബാബ്‌റി മസ്ജിദ് കേസില്‍ അടുത്ത വര്‍ഷം ഫെബ്രുവരി എട്ടിന് വാദം തുടങ്ങുമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടങ്ങുന്ന മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചത്.
അയോധ്യയിലെ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തു വിവിധകക്ഷികള്‍ നല്‍കിയ സിവില്‍ അപ്പീലില്‍ ഫെബ്രുവരിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കും. ബന്ധപ്പെട്ട എല്ലാ രേഖകളും പരിഭാഷപ്പെടുത്തി, അക്കമിട്ട് സുപ്രീം കോടതി രജിസ്ട്രിക്കുമുമ്പില്‍ ഹാജരാക്കിയെന്ന് എല്ലാ അഭിഭാഷകരും ഒന്നിച്ചിരുന്ന് ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ അശോക് ഭൂഷണും എസ്.എ. നജീബും ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.
അന്തരീക്ഷം അനുകൂലമല്ലാത്തതിനാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം 2019 ജൂെലെയില്‍ അപ്പീലില്‍ വാദം കേള്‍ക്കണമെന്ന് കക്ഷികളിലൊരാളുടെ അഭിഭാഷകനായ കബില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ കാര്യങ്ങളും കൂട്ടിയിണക്കിയിട്ടുണ്ടെന്നും കേസുകള്‍ വാദത്തിനു തയാറാണെന്നും ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതിനെ ശക്തമായി എതിര്‍ത്തു.
അയോധ്യയിലെ തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, ഹിന്ദുസംഘടനയായ രാം ലല്ല എന്നിവര്‍ക്കു തുല്യമായി വീതിച്ചുനല്‍കാനാണ് അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗബെഞ്ച് ഭൂരിപക്ഷവിധിയിലൂടെ ഉത്തരവിട്ടത്.
Post Your Comments