ചെന്നൈ: നടന്‍ വിശാലിനും ജയലളിതയുടെ സഹോദര പുത്രി ദീപയ്ക്കും ആര്‍.കെ.നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന മോഹം നടക്കില്ല. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നടന്‍ വിശാലിന്റെയും ജയലളിതയുടെ സഹോദരപുത്രി ദീപയുടെയും നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളി.
സ്ഥാനാര്‍ഥിത്വത്തെ പിന്താങ്ങിയവരുടെ ഒപ്പുകള്‍ വ്യാജമാണമെന്ന് കണ്ടെത്തിയതിനാലാണ് വിശാലിന്റെ പത്രിക തള്ളിയതെന്നാണ് വരണാധികാരി വേലുസ്വാമിയുടെ വിശദീകരണം. ഇതേ കാരണം ചൂണ്ടിക്കാട്ടി ആദ്യം പത്രിക തള്ളിയെന്ന് അറിയിച്ചെങ്കിലും തന്നെ പിന്താങ്ങിയവരെ ഭീഷണിപ്പെടുത്തി ഒപ്പ് വ്യാജമാണെന്ന കത്ത് വാങ്ങിയെന്ന ആരോപണവുമായി വിശാല്‍ രംഗത്തുവന്നതോടെ അന്തിമതീരുമാനം വൈകുകയായിരുന്നു. പിന്നീട് രാത്രി 11നോടെ പത്രിക തള്ളിയതായി വരണാധികാരി ഔദ്യോഗികമായി അറിയിച്ചു.
തന്നെ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്ന് ആരോപിക്കുന്ന കത്ത് എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥി മധുസൂദനനുവേണ്ടി ഭീഷണിപ്പെടുത്തി വാങ്ങിയതാണെന്ന ശബ്ദരേഖ വിശാല്‍ പുറത്തു വിട്ടതോടെയാണു പത്രിക തള്ളാനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടിവന്നത്. ഇതേത്തുടര്‍ന്നു തന്റെ പത്രിക സ്വീകരിച്ചെന്ന അവകാശവാദവുമായി വിശാല്‍ എത്തി. തിരഞ്ഞെടുപ്പ് അധികൃതര്‍ക്കു നന്ദി അറിയിക്കുകയും ചെയ്തു. എന്നാല്‍ അന്തിമ തീരുമാനമെടുക്കാന്‍ വിശാലിന്റെ പത്രിക മാറ്റിവെച്ച വരണാധികാരി പിന്നീട് പത്രിക തള്ളിയെന്ന് അറിയിക്കുകയായിരുന്നു.
Post Your Comments