കോട്ട: വിവാഹ ദിനത്തില്‍ വധു പിന്മാറി. വരനും വീട്ടുകാരും സ്ത്രീധനം ചോദിച്ചതിന്റെ പേരിലാണ് വധു പിന്മാറിയത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു ഡോക്ടര്‍ സാക്ഷാമുമായി റാഷിയുടെ വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഞായറാഴ്ച ഉച്ചയോട് കൂടി വരനും വീട്ടുകാരും സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു
മുതിര്‍ന്ന ഡോക്ടറായ അനില്‍ സക്സേനയുടെ മകളും ദന്ത ഡോക്ടറുമായ ഡോക്ടര്‍ റാഷിയാണ് ഒരു കോടി രൂപയുടെ സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരില്‍ വിവാഹത്തില്‍ നിന്നും വിട്ടു നിന്നത്. സംഭവത്തെ തുടര്‍ന്ന് അനില്‍ സക്സേന ഗോളിയാര് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. സ്വര്‍ണവും പണവും വെള്ളിയുമായി ഒരു കോടി രൂപയുടെ സ്ത്രീധനമാണ് ആവശ്യപ്പെട്ടതെന്ന് പിതാവ് ആരോപിച്ചു.
നവംബറില്‍ നടന്ന വിവാഹ നിശ്ചയത്തില്‍ നാല് ലക്ഷം രൂപ നല്‍കിയെന്നും അന്നത്തെ ചടങ്ങിന് മാത്രമായി 35 ലക്ഷത്തോളം ചിലവ് വന്നെന്നും അനില്‍ പറഞ്ഞു. കൂടാതെ ശനിയാഴ്ച വരന് സുസുകി ഡിസയര്‍ കാര്‍ നല്‍കിയെന്നും 10 സ്വര്‍ണ നാണയങ്ങള്‍ നല്‍കിയതായും അനില്‍ വ്യക്തമാക്കി. വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും അത് കൊണ്ടാണ് വിവാഹത്തില്‍ നിന്നും പിന്മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഭവങ്ങളെല്ലാം അറിഞ്ഞ വധു വരനുമായി ഫോണില്‍ സംസാരിച്ചിരുന്നെങ്കിലും അയാള്‍ തീരുമാനം മാറ്റാന്‍ തയാറായില്ല. തുടര്‍ന്ന് പെണ്‍കുട്ടി വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments