ന്യൂഡല്‍ഹി : ബിനാമി ഇടപാടുകാരെയും കടലാസ് കമ്പനികളെയും കൂട്ടിലാക്കാന്‍ ആദായനികുതി വകുപ്പ്. 30 ലക്ഷത്തിന് മുകളിലുള്ള സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ നികുതി വിവരങ്ങളാണ് ആദായനികുതി വകുപ്പ് പരിശോധിച്ചുവരുന്നത്. ബിനാമി വിരുദ്ധ നിയമത്തിന് കീഴിലാണ് ആദായനികുതി വകുപ്പ് അന്വേഷണം നടത്തിവരുന്നതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസാണ് വ്യക്തമാക്കിയത്.
നേരത്തെ ബിനാമി സ്വത്തുക്കളെക്കുറിച്ച് സര്‍ക്കാരിന് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന കാര്യം കേന്ദ്രം പരിഗണിച്ചിരുന്നു. ബിനാമി സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികളെ സഹായിക്കുകയോ നിര്‍ണായക വിവരങ്ങള്‍ കൈമാറുകയോ ചെയ്യുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന സൂചനയാണ് കേന്ദ്രം നല്‍കിയിരുന്നത്. സെപ്തംബറിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബിനാമി സ്വത്തുക്കളെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം മുതല്‍ മൂന്ന് കോടി വരെയുള്ള തുകയാണ് പാരിതോഷികമായി നല്‍കുമെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
ബാങ്ക് അക്കൗണ്ടുകളും നിരീക്ഷണത്തില്‍
രാജ്യത്തെ 621 സ്വത്തുക്കള്‍ക്കൊപ്പം നിരവധി ബാങ്ക് അക്കൗണ്ടുകളും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് പരിേേശാധിച്ചുവരികയാണ്. ബിനാമി വിരുദ്ധ നിയമത്തിന് കീഴില്‍ 1800 കോടി രൂപയുടെ സ്വത്തുക്കള്‍ സംബന്ധിച്ചാണ് അന്വേഷണം നടത്തിവരുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോഗിച്ചുവരുന്ന എല്ലാ മാര്‍ഗ്ഗങ്ങളും ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ബിനാമി ആക്ടിന് കീഴില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
അടുത്ത കാലത്ത് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയ പേപ്പര്‍ കമ്പനികളുടെ വിവരങ്ങളുമായി ബിനാമി സ്വത്തുക്കളുടെ വിവരങ്ങള്‍ ഒത്തുനോക്കി പരസ്പരവൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആദായനികുതി വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
2016 നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തിന് പിന്നാലെയാണ് ബിനാമി സ്വത്തുക്കള്‍ക്ക് വിലങ്ങിടാനുള്ള നീക്കങ്ങള്‍ ആദായനികുതി വകുപ്പ് ആരംഭിച്ചത്. നോട്ട് നിരോധനത്തോടെ കണക്കില്‍പ്പെടാത്ത പണം മറ്റുള്ളവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കരുതെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം നീക്കങ്ങള്‍ നടത്തുന്നതായി കണ്ടെത്തുന്നവര്‍ക്കെതിരെ 1988ലെ ബിനാമി സ്വത്ത് നിയമ പ്രകാരം ക്രിമിനല്‍ കുറ്റം ചുമത്തി നടപടികള്‍ സ്വീകരിക്കുമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു.
ആരാധനാലയങ്ങളുടെ പേരിലുള്ള സ്വത്തുക്കള്‍ക്ക് മാത്രമാണ് ഭേദഗതി ചെയ്ത നിയമത്തില്‍ ഇളവുള്ളത്. 1988ല്‍ കൊണ്ടുവന്ന 28 വര്‍ഷം പഴക്കമുള്ള നിയമമാണ് 2016 നവംബറില്‍ ഭേദഗതി ചെയ്തിട്ടുള്ളത്.
മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരുമായി ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ഭൂമിയിടപാടുകള്‍ ബിനാമി ഇടപാടുകളായി കണക്കാക്കപ്പെടുകയും നിയമപ്രകാരം ശിക്ഷയുടെ പരിധിയില്‍ വരികയും ചെയ്യുന്നു. ഭേദഗതി ചെയ്ത ബിനാമി ട്രാന്‍സാക്ഷന്‍സ് ആക്ട് പ്രകാരം ദമ്പതികളില്‍ ഒരാളുടെ പേരിലോ മക്കളുടെ പേരിലോ സ്വത്ത് വാങ്ങാമെങ്കിലും കക്ഷിചേരാതെ മാത്രമുള്ള ഇടപാടുകളാണ് നിയമത്തിന് കീഴില്‍ അനുവദിയ്ക്കപ്പെടുന്നത്.
ഇല്ലാത്ത കമ്പനികളുടെ പേരിലുള്ളവയും (ഷെല്‍ കമ്പനികള്‍) നേരിട്ട് ഒരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് മറ്റൊരാള്‍ അനുഭവിച്ചുവരുന്നതുമായ സ്വത്തും ബിനാമിയായി കണക്കാക്കും. ഇത്തരത്തില്‍ ബിനാമി സ്വത്തിന്റെ നിര്‍വചനത്തിലും 2016ലെ നിയമ ഭേദഗതി നിര്‍ണ്ണായക മാറ്റം വരുത്തിയിട്ടുണ്ട്.
ഭൂമിയുടെ നിയന്ത്രണം സംസ്ഥാനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നതിനാല്‍ ബിനാമി സ്വത്താണെന്ന് കണ്ടെത്തുന്ന ഭൂമി സംസ്ഥാന സര്‍ക്കാരുകള്‍ കൈവശം വയ്ക്കമെന്ന് എംപിമാര്‍ വാദിച്ചെങ്കിലും പിടിച്ചെടുക്കുന്ന ഭൂമി കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആയിരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി വ്യക്തമാക്കുകയായിരുന്നു.
റിയല്‍ എസ്റ്റേറ്റ് ജിഎസ്ടിയുടെ പരിധിയില്‍
രാജ്യത്ത് ഏറ്റവുമധികം നികുതി വെട്ടിപ്പും പണം സമ്പാദനവും നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണെന്നും അതിനാല്‍ ഈ മേഖലയെ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.
Post Your Comments