റാഞ്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും പ്രതികളെ അധികം വൈകാതെ തന്നെ പോലീസ് പിടികൂടാറുമുണ്ട്. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതവും നടത്താറുണ്ട്. എന്നാല്‍ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നടത്തിയ ന്യായീകരണമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ കോദെര്‍മ ജില്ലയിലെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്. സെന്റ് സേവ്യറെന്ന വയോധികനായ പ്രിന്‍സിപ്പലാണ് പീഡനക്കേസില്‍ പിടിയിലായത്.
താന്‍ ചെയ്തത് വളരെ ചെറിയ തെറ്റാണെന്നാണ് സെന്റ് സേവ്യറിന്റെ പ്രതികരണം. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല അതു കൊണ്ടു തന്നെ വലിയൊരു തെറ്റായി ഇതിനെ കാണാനാവില്ലെന്നും ഇയാള്‍ ന്യായീകരിക്കുന്നു. കുട്ടിയെ ശുചിമുറിയിലേക്ക് എടുത്തു കൊണ്ടു പോയ ശേഷം വസ്ത്രം അഴിച്ചു മാറ്റി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയാണ് ചെയ്തതെന്നു സേവ്യര്‍ വെളിപ്പെടുത്തി. ഭയന്ന് പെണ്‍കുട്ടി കരഞ്ഞപ്പോള്‍ പണം നല്‍കിയെന്നും ഇക്കാര്യം ആരോടും പറയരുതെന്നും നിര്‍ദേശിക്കുകയും ചെയ്തതായി ഇയാള്‍ പറഞ്ഞു.
എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളോട് ഇക്കാര്യം പറഞ്ഞതോടെയാണ് പ്രിന്‍സിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് സംഭവം നടന്നതെങ്കിലും വെള്ളിയാഴ്ചയാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.താന്‍ ചെയ്തത് വലിയ തെറ്റല്ല. ലൈംഗികമായി ബന്ധപ്പെടാനുള്ള ശേഷി തനിക്കില്ലെന്നും ,തനിക്കു പ്രായമായി യാദൃശ്ചികമായി സംഭവിച്ചു പോയതാണെന്നും സേവ്യര്‍ മാധ്യങ്ങളോട് പറഞ്ഞു. വളരെയേറെ മാനസിക സമ്മര്‍ദ്ദം താന്‍ അനുഭവിക്കുന്നുണ്ട്. നന്നായി ജോലി പോലും ചെയ്യാന്‍ സാധിക്കുന്നില്ല.
ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ട്. ചില രാത്രികളില്‍ ശരിക്കും ഉറങ്ങാന്‍ പോലും സാധിക്കാറില്ലെന്നും സേവ്യര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരിച്ചു. കുട്ടികള്‍ക്കു നേരെയുള്ള പീഡനം ചെറുക്കുന്ന പോക്‌സോ നിയമപ്രകാരമാണ് സേവ്യര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നു പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത ശേഷം ഇയാള്‍ 15 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കിയിരുന്നു. ഇതിന്റെ ഫലം പുറത്തുവന്നിട്ടില്ല. തുടര്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments