തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് കേരളത്തില്‍ എത്തി.നിലവിലെ കണക്ക് പ്രകാരം അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി 600 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.
വൈകീട്ട് 4.30 ഓടെയാണ് മന്ത്രി പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം , സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്, ഫിഷറീസ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ വ്യോമ, നാവിക സേന ഉദ്യോഗസ്ഥര്‍, തിരുവനന്തപുരം ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മന്ത്രിയെ സ്വീകരിച്ചത്.
രക്ഷാ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഞായറാഴ്ച രാവിലെ ദുരിന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് രക്ഷാ പ്രവര്‍ത്തനം സംബന്ധിച്ച് വ്യോമനാവിക സേന അധികൃതരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് മന്ത്രിമാരുമായും കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.
പിന്നീട് പ്രത്യേകം തയാറാക്കിയ ഹെലികോപ്റ്ററില്‍ മന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കും. കന്യാകുമാരിയിലെ ദുരന്തബാധിത സ്ഥലങ്ങളും ചുഴലിക്കാറ്റിന് ഇരയായവരെയും മന്ത്രി സന്ദര്‍ശിക്കും. ഇതിനുശേഷം തിങ്കാളാഴ്ച രാവിലെ മന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. തിരുവനന്തപുരത്ത് വിഴിഞ്ഞം, പൂന്തുറ, തുടങ്ങിയ കടലാക്രമണം ഉണ്ടായ തീരദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയും രക്ഷാപ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്യും.
Post Your Comments