തിരുവനന്തപുരം: അഗ്നിരക്ഷാസേന സുരക്ഷാച്ചട്ടങ്ങൾ പാലിക്കാതെ, അനിയന്ത്രിതമായി കൂറ്റൻ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് തടയാൻ രംഗത്ത്. തിങ്കളാഴ്ച സർക്കാരിനു പരസ്യബോർഡുകൾ സ്ഥാപിക്കുന്നവരിൽനിന്ന് പ്രത്യേക നികുതി ഈടാക്കണമെന്ന നിർദേശമടങ്ങിയ ശുപാർശ സമർപ്പിക്കും.
ഇനിമുതൽ പരസ്യബോർഡുകൾ സ്ഥാപിക്കാൻ അഗ്നിരക്ഷാസേനയുടെ അനുമതി വാങ്ങണം. സ്ഥാപിക്കുന്ന സ്ഥലം, ബോർഡുകളുടെ വലുപ്പം, നിർമിക്കാനുപയോഗിക്കുന്ന വസ്തുക്കളുടെ എന്നിവയ്ക്ക് പ്രത്യേക മാനദണ്ഡവും നിയന്ത്രണവും കൊണ്ടുവരണമെന്ന നിർദേശവുമുണ്ട്.
തദ്ദേശസ്ഥാപനങ്ങളാണ് നിലവിൽ പരസ്യബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകുന്നത്. അഗ്നിരക്ഷാസേനയ്ക്കും റോഡ് സുരക്ഷാ അതോറിറ്റിക്കും ഇനിമുതൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നവർ പ്രത്യേക നികുതി നൽകണമെന്നാണ് ശുപാർശ. ഈ പണം റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും അഗ്നിരക്ഷാസേനയുടെ വികസന പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കാം. 500 കോടി രൂപയുടെ വീതം സംസ്ഥാനത്ത് വലിയ പരസ്യ കമ്പനികൾക്കും ചെറിയ പരസ്യ കമ്പനികൾക്കും പരസ്യബോർഡുകളുടെ വിപണിയുണ്ടെന്നാണ് അഗ്നിരക്ഷാസേന കണക്കുകൂട്ടുന്നത്.
പരസ്യബോർഡുകൾക്കായി നേരത്തേ ഹൈക്കോടതി നിർദേശപ്രകാരം ചട്ടങ്ങൾക്ക് രൂപം നൽകിയിരുന്നു. എന്നാൽ, ഇത് നടപ്പായില്ല. പുതിയ ശുപാർശ ഈ ചട്ടങ്ങളിലെ നിർദേശങ്ങൾകൂടി ഉൾപ്പെടുത്തിയാണ് സർക്കാരിനു നൽകുന്നത്. രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ, ദുരന്തനിവാരണ ഫണ്ടിൽനിന്ന് അനുവദിച്ച 2.5 കോടി രൂപ മുടക്കി ക്രെയിൻ, യന്ത്രവാൾ തുടങ്ങിയ പുതിയ ഉപകരണങ്ങൾ വാങ്ങാൻ അഗ്നിരക്ഷാസേന തീരുമാനിച്ചെന്ന് മേധാവി ടോമിൻ തച്ചങ്കരി പറഞ്ഞു.
Post Your Comments