കൊച്ചി : റോജി എം ജോണ്‍ എംഎല്‍എ അങ്കമാലി ബൈപ്പാസുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന സമീപനം ഇരട്ടത്താപ്പാണെന്ന് ഇന്നസെന്റ് എംപി വ്യക്തമാക്കി. ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധി ഇക്കാര്യത്തില്‍ സാങ്കേതികനടപടികള്‍ വിശദീകരിക്കുകയല്ല ചെയ്യേണ്ടത്. ഇപ്പോള്‍ രണ്ടുഘട്ടമായി വിഭാവനംചെയ്യുന്ന അങ്കമാലി ബൈപ്പാസിന്റെ ആദ്യഘട്ടത്തിനുള്ള കിഫ്ബി അനുമതിയാണ് ലഭിച്ചിട്ടുള്ളത്.
ബൈപ്പാസ് പദ്ധതി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന രണ്ടാംഘട്ടംകൂടി ചേരുമ്പോഴേ പൂര്‍ത്തിയാകൂ. രണ്ടുഘട്ടവും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ച 390 കോടി രൂപ മുഴുവനായോ ഒരുപക്ഷേ അതില്‍ കൂടുതലോ ചെലവഴിക്കേണ്ടിവരും. ഇത് മറച്ചുവയ്ക്കുന്ന എംഎല്‍എ ബൈപ്പാസ് പദ്ധതിയുടെ രണ്ടാംഘട്ടത്തെക്കുറിച്ച് ബോധപൂര്‍വം നിശബ്ദത പാലിക്കുകയാണ്. പദ്ധതിയെ തുരങ്കംവയ്ക്കുന്ന നിലപാടാണിത്.
2010-11ല്‍ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റില്‍ പ്രഖ്യാപിച്ച ബൈപ്പാസ് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് എത്താന്‍ വര്‍ഷങ്ങളെടുത്തു. ബൈപ്പാസിന് ജീവന്‍വച്ചത് വീണ്ടും മറ്റൊരു എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ്. ഈ അനുഭവംകൂടി കണക്കിലെടുത്ത് രണ്ടാംഘട്ടംകൂടി പൂര്‍ത്തിയാക്കാനുള്ള ജോലിയാണ് എംഎല്‍എ എന്ന നിലയില്‍ അദ്ദേഹം നിര്‍വഹിക്കേണ്ടത്. ഇക്കാര്യം ബന്ധപ്പെട്ടവരുമായി താന്‍ സംസാരിച്ചതായും ഇന്നസെന്റ് പറഞ്ഞു.
Post Your Comments