കൊല്‍ക്കത്ത: ഐടി പ്രഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്ന എച്ച്1-ബി വിസാ വ്യവസ്ഥയില്‍ ഇതുവരെ മാറ്റംവരുത്തിയിട്ടില്ലെന്നു തെക്കനേഷ്യന്‍ കാര്യങ്ങളുടെ ആക്ടിങ് സ്റ്റേറ്റ് സെക്രട്ടറി തോമസ് വജ്ഡ. ബംഗാള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റശേഷം എച്ച്1-ബി വിസാ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്നു നിര്‍ദേശിച്ചെങ്കിലും നടപടിയെടുത്തിട്ടില്ല. ഇതിനു നിയമത്തില്‍ മാറ്റംവരുത്തണം. ഇതുവരെ നിയമം നിര്‍മിക്കാത്തതിനാല്‍ നിലവിലുള്ള സമ്പ്രദായം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ എച്ച്1-ബി വിസ നല്‍കുന്നതിനു കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ത്യയിലെ ഉദ്യോഗാര്‍ഥികളിലും ഐടി കമ്പനികളിലും ആശങ്ക ഉയര്‍ത്തി. ഈ പ്രശ്‌നം ഗൗരവേത്താടെ അമേരിക്കയെ അറിയിച്ചതായി വാണിജ്യമന്ത്രി സുരേഷ് പ്രഭു കഴിഞ്ഞ ഒക്ടോബറില്‍ അറിയിച്ചിരുന്നു.
ഇതിനിടെ, നടപടി നിര്‍ത്തിവച്ചെങ്കിലും പതിവുപോലെ വിസ നല്‍കുമെന്ന് യു.എസ്. വ്യക്തമാക്കിയിരുന്നു. ഊര്‍ജ കയറ്റുമതിയില്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യയുടെ സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുമെന്നും തോമസ് പറഞ്ഞു.
Post Your Comments