തിരുവനന്തപുരം: കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റിയിലെ അംഗങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഐ.എ.എസ്. ഉദ്യോഗസ്ഥരും. ഏഴംഗ സമിതിയില്‍ ആകെയുള്ള വിദഗ്ധന്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ ഡയറക്ടര്‍ മാത്രം. മറ്റുപല സംസ്ഥാനങ്ങളിലും ദുരന്തനിവാരണ രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ളതാണ് ഈ സമിതി.
കാലാവസ്ഥാ മാറ്റങ്ങളെപ്പറ്റി നിരന്തരം നിരീക്ഷിക്കാനുള്ള വിദഗ്ധര്‍ വേണ്ട സമിതിയെയാണ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കുത്തിനിറച്ച് കേരളം നോക്കുകുത്തിയാക്കിയത്. ദുരന്തനിവാരണ നിയമത്തിന്റെ അന്തസ്സത്തയ്ക്ക് ചേരാത്ത വിധമാണിത്. ഓഖി ചുഴലിക്കാറ്റടിച്ചപ്പോള്‍ മുന്നറിയിപ്പുകള്‍ മനസ്സിലാക്കി കേരളത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കാനാവാത്തതിനുകാരണം വൈദഗ്ധ്യമുള്ള അതോറിറ്റിയുടെ അഭാവമാണ്.
കേന്ദ്രസര്‍ക്കാരിന്റെ 2005-ലെ ദുരന്തനിവാരണ നിയമത്തിന്റെ ശുപാര്‍ശ പ്രകാരമാണ് സംസ്ഥാനങ്ങള്‍ ഈ അതോറിറ്റി രൂപവത്കരിച്ചത്. നിയമപ്രകാരം മുഖ്യമന്ത്രിയായിരിക്കണം സമിതിയുടെ അനൗദ്യോഗിക അധ്യക്ഷന്‍. എട്ട് അംഗങ്ങളെ മുഖ്യമന്ത്രി നാമനിര്‍ദേശം ചെയ്യണം. സമിതിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് അധ്യക്ഷനും വേണം. ഇദ്ദേഹമാണ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍. ഈ നിയമത്തിലൊരിടത്തും മന്ത്രിമാരും ഉദ്യോഗസ്ഥരുമായിരിക്കണം അംഗങ്ങള്‍ എന്ന് പറയുന്നില്ല. കേരളത്തിലാകട്ടെ, റവന്യൂ മന്ത്രിയാണ് സമിതിയുടെ ഉപാധ്യക്ഷന്‍. ദൈനംദിന ഭരണത്തിരക്കുകളില്‍ വലയുന്ന ചീഫ് സെക്രട്ടറിയാണ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍. കൃഷിമന്ത്രിക്കു പുറമേ റവന്യൂ, ആഭ്യന്തര വകുപ്പുകളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ അംഗങ്ങളും.
മെമ്പര്‍ സെക്രട്ടറിക്കുമാത്രമാണ് ഈ രംഗത്ത് ശാസ്ത്രീയ പരിചയമുള്ളത്. ശേഖര്‍ എല്‍. കുര്യാക്കോസാണ് ഇപ്പോള്‍ മെമ്പര്‍ സെക്രട്ടറി. അദ്ദേഹമാണ് അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിനെയും നയിക്കുന്നത്. എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ ആകെയുള്ള സാങ്കേതികവിഭാഗം ജീവനക്കാര്‍ ഒമ്പതുപേരാണ്. മറ്റ് ബിരുദാനന്തര ബിരുദങ്ങള്‍ക്കൊപ്പം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലുള്ള ഡിപ്ലോമയാണ് ഇവരില്‍ ഏറെപ്പേരുടെയും യോഗ്യത.
Post Your Comments