കല്‍പേനി: കേരള തീരത്തേക്കാൾ ശക്തിപ്രാപിച്ച് ഓഖി ലക്ഷദ്വീപിൽ. മിനിക്കോയി, കൽപേനി ദ്വീപുകളിൽ ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഒട്ടേറെ വീടുകൾ തകർന്നടിഞ്ഞെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അറിയിച്ചു. ശനിയാഴ്ച 145 കി.മീ. വേഗത്തിൽ വരെ ലക്ഷദ്വീപിൽ കാറ്റിനു സാധ്യതയുണ്ട്.
കനത്ത തിരയിൽ കൽപേനിയിൽ തയാറാക്കിയ ഹെലിപ്പാഡും കരയിലേക്ക് തിരയടിച്ചു കയറാതിരിക്കാൻ ഒരുക്കിയ സംവിധാനങ്ങളും തകർന്നു. രക്ഷാദൗത്യം വേഗത്തിലാക്കാൻ ചുഴലിക്കാറ്റ് വരുന്നതായി മുന്നറിയിപ്പു നേരത്തേ ലഭിച്ചതിനു തുടർന്നു സ്വീകരിച്ച നടപടികൾ സഹായിച്ചതായും എംപി പറഞ്ഞു. ഏഴു പേരെ കവരത്തിയിൽ മുങ്ങിപ്പോയ ഉരുവിൽ നിന്ന് രക്ഷപ്പെടുത്തി. മിനിക്കോയിയിലും കൽപേനിയിലും അഞ്ചു വീതം മത്സ്യബന്ധന ബോട്ടുകൾ മുങ്ങിപ്പോയി.
വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ വീശിത്തുടങ്ങിയ ശക്തിയേറിയ കാറ്റില്‍ മരങ്ങള്‍ കടപുഴകി. തുടർന്ന് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ലക്ഷദ്വീപില്‍ കാറ്റും മഴയും നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റോഡ്, വീടുകള്‍, വൈദ്യുതി ശൃംഖല, കൃഷി എന്നിയ്ക്ക് നാശനഷ്ടം ഉണ്ടാവും. മിനിക്കോയ്, കല്‍പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗതി, അമിനി, കടമത്, കില്‍ട്ടന്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ കൂറ്റന്‍ തിരമാലയുണ്ടാവും. 7.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കുമെന്നാണ് അറിയിപ്പ്.
എംപി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ഫോണിൽ ചർച്ച നടത്തിയതായും അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിൽ നിന്നു സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേക സംഘത്തെ അയയ്ക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസുമായും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കേരളതീരത്തുനിന്നു മിനിക്കോയ് ദ്വീപ് വഴി തിരിഞ്ഞ ഓഖി ഞായറാഴ്ച ഗുജറാത്ത് തീരത്തേക്കു കടക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഗുജറാത്ത് തീരത്തടുക്കുമ്പോഴേക്കും ശക്തി കുറഞ്ഞു ന്യൂനമർദം മാത്രമായി മാറും.
Post Your Comments