
തൃശ്ശൂര്‍: ശബരിമല തീര്‍ഥാടനത്തിന് റെയില്‍വേ സുരക്ഷാ സേനാംഗങ്ങള്‍ 41 ദിവസം താടിയും മുടിയും വളര്‍ത്തേണ്ടെന്ന് ഉത്തരവ്. ദക്ഷിണ റെയില്‍വേയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. 15 മുതല്‍ 20 ദിവസംവരെമാത്രം താടിയും മുടിയും വളര്‍ത്തിയാല്‍മതി. ചെന്നൈയിലെ അഡീഷണല്‍ ചീഫ് സെക്യൂരിറ്റി കമ്മിഷണര്‍ അരോമ സിങ് ഠാക്കൂറാണ് 15 ദിവസം താടിയും മുടിയും വളര്‍ത്തിയാല്‍ മതിയെന്ന ഉത്തരവ് ആദ്യമിറക്കിയത്.
ഇതിനെ ചോദ്യംചെയ്ത് ഓള്‍ ഇന്ത്യ ആര്‍.പി.എഫ്. അസോസിയേഷന്‍ സോണല്‍ പ്രസിഡന്റ് കെ. ഗണേശന്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എസ്.സി. പാരിക്ക് കത്തുനല്‍കി. ഇദ്ദേഹമാണ് 15 മുതല്‍ 20 വരെ ദിവസം എന്ന ഭേദഗതിയോടെ ഉത്തരവിറക്കിയത്. കേരളം, തമിഴ്നാട്, കര്‍ണാടകയുടെ ചില ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ദക്ഷിണ റെയില്‍വേ സോണ്‍.
താടിയും മുടിയും വളര്‍ത്താനുള്ള അപേക്ഷയ്ക്ക് തിരുവനന്തപുരം ഡിവിഷന്‍ അടക്കമുള്ളിടങ്ങളിലെ ആര്‍.പി.എഫ്. കമ്മിഷണര്‍മാര്‍ അനുമതി നല്‍കിയതാണ്. എന്നാല്‍, ഡിവിഷണല്‍ കമ്മിഷണര്‍മാര്‍ നല്‍കിയ അനുമതി ചെന്നൈയില്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഉന്നതാധികാരികള്‍ ഇടപെട്ടത്. ആന്ധ്രയും തെലങ്കാനയും അടങ്ങുന്ന സൗത്ത് സെന്‍ട്രല്‍ സോണില്‍ 41 ദിവസം പൂര്‍ണവ്രതം എടുക്കാനുള്ള അനുമതി മുന്‍ കൊല്ലത്തെപോലെ ഇക്കുറിയും നല്‍കുന്നുണ്ട്. ദക്ഷിണറെയില്‍വേയിലും കഴിഞ്ഞകൊല്ലംവരെ ഇത് അനുവദിച്ചിരുന്നു. 41 ദിവസത്തെ മണ്ഡലവ്രതമെടുക്കാന്‍ കേരള പോലീസും അനുവദിക്കാറുണ്ട്
Post Your Comments