Latest NewsNewsIndia

കോപര്‍ഡി കൂട്ടമാനഭംഗ കേസ്; മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ

മുംബൈ: സംസ്ഥാനത്തെ ഞെട്ടിച്ച മഹാരാഷ്ട്ര കോപര്‍ഡി കൂട്ടമാനഭംഗ-കൊലക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ. കേസിലെ പ്രതികളായ ജിതേന്ദ്ര ബാബുലാല്‍ ഷിണ്ഡെ, സന്തോഷ്‌ ഗോരഖ് ഭവാല്‍, നിതിന്‍ ഗോപിനാഥ് ഭൈലുമെ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ബുധനാഴ്ച അഹമദ്‌നഗര്‍ സെഷന്‍സ് കോടതി ജഡ്ജി സുവര്‍ണ കെവാലെയാണ് ശിക്ഷ വിധിച്ചത്.
 
കഴിഞ്ഞ 18 ന് മൂവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. ഗൂഢാലോചന, മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് മറാത്താ പ്രക്ഷോഭത്തിന് കാരണമായ കൂട്ടബലാല്‍സംഗ കൊലക്കേസാണിത്. കൊല്ലപ്പെട്ട പെണ്‍കുട്ടി മറാത്ത വിഭാഗത്തിലുള്ളതായതും, പ്രതികള്‍ ദളിത് സമുദായക്കാരുമായതാണ് പ്രക്ഷോഭത്തിന് കാരണമായത്.  
 
2016 ജൂലൈ 13ന് മഹാരാഷ്ട്രയിലെ അഹ്മദ് നഗര്‍ ജില്ലയിലെ കോപര്‍ഡി ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുത്തച്ഛനെ കണ്ട് മടങ്ങിയ 15കാരിയെ മുഖ്യപ്രതിയായ ജിതേന്ദ്ര ഷിന്‍ഡെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. ശേഷം ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിപ്പിക്കുകയായിരുന്നു. അതിക്രൂരമായാണ് മൂവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 
 
പെണ്‍കുട്ടിയുടെ തലമുടി പറിച്ചെടുക്കുകയും പല്ല് അടിച്ചുപൊട്ടിക്കുകയും ചെയ്തിരുന്നു. ശരീരം മുഴുവന്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. തോളെല്ലുകള്‍ പൊട്ടിയിരുന്നു. കഴുത്തുഞെരിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button