സേലം: ഒരു തവണ ഷെഫിനെ കാണാന്‍ പോലീസ് അനുവാദം നല്‍കിയിട്ടുണ്ടെന്ന് അഖില പറഞ്ഞു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം മെഡിക്കല്‍ പഠനം പൂര്‍ത്തീകരിക്കാനായി അഖിലയെന്ന ഹാദിയ സേലം ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജിലെത്തി. പഠനം തുടരുന്നതിന് ആവശ്യമായ അപേക്ഷ ഇന്ന് കോളേജില്‍ സമര്‍പ്പിക്കും. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന ഒരു സംഘം അഖിലയെ സ്വീകരിക്കാന്‍ കോളേജിലെത്തി. കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ എത്തിയ അഖിലയെ കാണാന്‍ നിന്നവര്‍ മുദ്രാവാക്യം വിളിച്ചത് പൊലീസ് ഇടപെട്ട് വിലക്കിയിരുന്നു.
എന്നാല്‍ ഹാദിയ കോളേജില്‍ പഠിക്കുന്നത് അഖിലയെന്ന പേരിലായിരിക്കുമെന്ന് കോളേജ് ഡീന്‍ പ്രതികരിച്ചു.2011ല്‍ കോളേജില്‍ പഠിക്കുമ്പോള്‍ തികച്ചും നാണം കുണുങ്ങിയും അന്തര്‍മുഖയുമായിരുന്നു ഹാദിയയെന്ന് അദ്ധ്യാപകര്‍ ഓര്‍ക്കുന്നു. അഖിലയില്‍ നിന്നും ഹാദിയയിലേക്കുള്ള അവളുടെ യാത്രയെക്കുറിച്ച് കോളേജിലാര്‍ക്കും വ്യക്തമായ വിവരമില്ല. അഖിലയ്ക്ക് മതിയായ സുരക്ഷിതത്വം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടത്തോടും പൊലീസിനോടും ആവശ്യപ്പെടുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, അഖില തടസമൊന്നും കൂടാതെ പഠനം പൂര്‍ത്തിയാക്കുന്നത് ഉറപ്പുവരുത്തുമെന്ന് കോളേജ് ഡീന്‍ ജി.കണ്ണന്‍ പറഞ്ഞു.
തന്റെ മാനസിക നില ഡോക്ടര്‍മാര്‍ക്കു പരിശോധിക്കാമെന്ന് ഹാദിയ.
എനിക്കൊരു കുഴപ്പവുമില്ലെന്നു താന്‍ സ്വയം പറഞ്ഞാല്‍ അതിനു വിലയുണ്ടാകില്ലെന്നും, അതുകൊണ്ട് ഏത് ഡോക്ടര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും അഖില മാധ്യമങ്ങളോട് പറഞ്ഞു.ഷെഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണെന്നോ അല്ലെന്നോ സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും അഖില ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ കാണാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഇന്നലെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടിയിട്ടില്ലെന്നും, ഇന്നു വീണ്ടും ശ്രമിക്കുമെന്നും, സേലത്തെത്തിയ ശേഷം അച്ഛനോടും അമ്മയോടും ഫോണില്‍ സംസാരിച്ചെന്നും അഖില പറഞ്ഞു.
പഠനത്തിനായി സേലത്തുള്ള കേളേജിലെത്തിയ തനിക്കു മുഴുവന്‍ സമയ സുരക്ഷ എന്തിനാണെന്ന് അഖില ചോദിച്ചു. മുഴുവന്‍ സമയ സുരക്ഷ തനിക്കാവശ്യമില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പോലീസ് തല്‍ക്കാലം അഖില യുടെ കൂടെത്തന്നെ ഉണ്ടാവുമെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. ഷെഫിന്‍ ജഹാനെ അഖിലയെ കാണാന്‍ അനുവദിക്കണമോയെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നാണ് ഡിസിപി പ്രതികരിച്ചത്. മാത്രമല്ല അച്ഛന്‍ അശോകന് അഖിലയെ കാണുന്നതില്‍ ഒരു തടസ്സവുമില്ലെന്നും അവര്‍ സൂചിപ്പിച്ചിരുന്നു.
അതെ സമയം അഖിലയെ കാണാന്‍ ഷെഫിന്‍ ജഹാന്‍ ശ്രമിക്കുകയാണെങ്കില്‍ തടയുമെന്നു അഖിലയുടെ അച്ഛന്‍ അശോകന്‍ വ്യക്തമാക്കി. ഇതിനു വേണ്ട നിയമ നടപടിയെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Post Your Comments