തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെതിരെ കൂടുതൽ തെളിവുകളുമായി ബിജെപി രംഗത്തെത്തി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽവച്ചു സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശാണ് തെളിവുകൾ പുറത്തുവിട്ടത്. കേന്ദ്രസർക്കാര്‍ അൻവറിനെ അയോഗ്യനാക്കിയിട്ടുണ്ടെന്നു രമേശ് വെളിപ്പെടുത്തി.
അൻവറിനു ഇതോടെ ഒരു കമ്പനിയുടെയും ഡയറക്ടറായിരിക്കാൻ നിയമപരമായി അധികാരമില്ല. അൻവറിന്‍റെ പേരിൽ നിലവിൽ നാലു കമ്പനികളുണ്ട്. എന്നാൽ പീവീസ് റിയൽറ്റേഴ്സ് എന്ന ഒരു കമ്പനിയെപ്പറ്റി മാത്രമേ തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളു.
ഗ്രീൻസ് ഇന്ത്യാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ്, പിവിആർ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളും വിവാദമായ പിവിആർ എന്‍റർടെയ്ൻമെന്‍റ്സിനെ കൂടാതെ അൻവറിന്‍റേതാണ്. അൻവറിനെ കേന്ദ്രം അയോഗ്യനാക്കിയത് ഇതിൽ പീവീസ് റിയൽറ്റേഴ്സ്, ഗ്രീൻസ് ഇന്ത്യാ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളുടെ ഡയറക്ടർ എന്ന നിലയിലാണ്.
കേന്ദ്രനിയമം അനുസരിച്ച് അയോഗ്യനാക്കപ്പെട്ട ഡയറക്ടർക്ക് അഞ്ച് വര്‍ഷത്തേക്ക് മറ്റൊരു കമ്പനിയുടേയും ഉടമസ്ഥത വഹിക്കാനാകില്ല. ഈ സാഹചര്യത്തിൽ അൻവറിന്‍റെ കമ്പനികൾ സർക്കാർ ഏറ്റെടുക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.
Post Your Comments