റിയാദ്: സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇസ്ലാമിക രാജ്യങ്ങളുടെ സൈനിക സഖ്യത്തിന്റെ നേതൃത്വത്തിലേക്ക്. 2015ല്‍ സൗദിയുടെ പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ സല്‍മാന്‍ രാജകുമാരന്‍ തുടക്കമിട്ട ഭീകരവിരുദ്ധ ഇസ്ലാമിക സൈനിക സഖ്യത്തിന്റെ സുപ്രധാന യോഗം കഴിഞ്ഞ ദിവസം റിയാദില്‍ ചേര്‍ന്നു.
ഈജിപ്തില്‍ സൂഫി ദേവാലയത്തിലെ ഭീകരാക്രമണത്തില്‍ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സമ്മേളനത്തിന് പ്രാധാന്യമേറെയായിരുന്നു. ഇസ്ലാമിക ഭീകരതയെ തുടച്ചു നീക്കാന്‍ സഖ്യം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. മനോഹരമായ ഈ മേഖലയെ തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചാണ് സല്‍മാന്‍ പ്രസംഗം ആരംഭിച്ചത്.
നാം ഒന്നിച്ചാണെന്നും എതിര്‍പ്പുകളെ ഒന്നിച്ചു നേരിടും എന്നുമുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ സമ്മേളനം. കൂടുതല്‍ ആധുനികവും സഹിഷ്ണുതാപരവുമായ ഇസ്ലാം എന്താണെന്നതിന് സൗദി മാതൃക സൃഷ്ടിക്കും. എത്രമാത്രം ശക്തമായി ഭീകരതയെ നേരിടണം എന്ന് ഈജിപ്തിലെ കഴിഞ്ഞ ദിവസത്തെ സംഭവം ഓര്‍മിപ്പിക്കുന്നു. നിരപരാധികളെ കൊന്നൊടുക്കുന്നതു മാത്രമല്ല ഭീകരതയുടെ ദുരന്തം. അവര്‍ മനുഷ്യര്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നു. ഇസ്ലാം മതത്തിന്റെ വിശ്വാസ്യത അവര്‍ തകര്‍ക്കുന്നു, അദ്ദേഹം തുടര്‍ന്നു.
രണ്ടു വര്‍ഷം മുമ്പ് സൈനിക സഖ്യം ആരംഭിക്കുമ്പോള്‍ 34 രാജ്യങ്ങളാണ് അതില്‍ ഉള്‍പ്പെട്ടിരുന്നത്. ഇപ്പോള്‍ 41 രാജ്യങ്ങളുണ്ട് സഖ്യത്തില്‍. എന്നാല്‍ ഇറാന്‍, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അറബ് രാജ്യങ്ങളുമായി സംഘര്‍ഷത്തിലുള്ള ഖത്തര്‍ സമ്മേളനത്തിലേക്ക് പ്രതിനിധിയെ അയച്ചില്ല.
Post Your Comments