KeralaLatest NewsNews

എം എം മണിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ബിനോയ് വിശ്വം

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം എം മണിയെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ വനംമന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം രംഗത്ത്. പരിസ്ഥിതി എന്ന വാക്കുകേട്ടാല്‍ കാതുപൊത്തുകയും അശ്ലീലമെന്നു വാദിക്കുകയും ചെയ്യുന്നവര്‍ കയ്യേറ്റക്കാരാണ്. ഭൂമിയെ ലാഭത്തിനുവേണ്ടിമാത്രം കാണുന്ന വന്‍കിട മുതലാളിമാരുടെ ഭാഷയാണു മണിയുടേതെന്നും ബിനോയ് വിശ്വം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനെതിരെയും ബിനോയ് വിശ്വം കടന്നാക്രമണം നടത്തി.
 
ആദിവാസികളുടെ പേരുപറഞ്ഞു കയ്യേറ്റക്കാരെ പശ്ചിമഘട്ടം കുത്തിക്കവരാന്‍ അനുവദിക്കില്ല. ഒരിടത്തു കൂട്ടമായി താമസിക്കുകയും മറ്റൊരിടത്തു കൃഷിയിറക്കുകയും ചെയ്യുന്ന പാവങ്ങളെയും ആദിവാസികളെയും സംരക്ഷിക്കണം. കൊട്ടാക്കമ്പൂര്‍, വട്ടവട വില്ലേജുകളില്‍ താമസിക്കുന്നവരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് തനിക്കു കത്തയച്ച ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരുടെ ഭൂമി പരമാവധി 500 ഏക്കറില്‍ കൂടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇടുക്കിയിലെ നിര്‍ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാന വിഷയത്തിലാണ് ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം. എം.എം.മണിയെ പരിസ്ഥിതിയെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് നിലപാടു പഠിപ്പിക്കാന്‍ സിപിഎം നേതൃത്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
താന്‍ മന്ത്രിയായിരിക്കെ നിയമപരമായ പട്ടയമുള്ളവരെ കണ്ടെത്താനുള്ള ഹിയറിങ് നടത്തിയാല്‍ വെടിവയ്പുണ്ടാകുമെന്നും മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തിയ ശക്തികള്‍ തന്നെയാണ് ഇപ്പോഴും ബഹളംവയ്ക്കുന്നതെന്നായിരുന്നു രാജേന്ദ്രനെ ഉദ്ദേശിച്ച്‌ അദ്ദേഹം പറഞ്ഞത്. വിഎസ് സര്‍ക്കാര്‍ നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചതു കയ്യേറ്റലോബിയില്‍നിന്നു കൊട്ടാക്കമ്പൂര്‍, വട്ടവട പ്രദേശത്തെ രക്ഷിക്കാനാണ്. ആരെയും കുടിയിറക്കാന്‍ ഉദ്ദേശിച്ചു പ്രഖ്യാപിച്ചതല്ല. നിയമപരമായ പട്ടയമുള്ളവര്‍ക്കു പേടിക്കേണ്ട കാര്യമില്ല. എന്നാല്‍ കയ്യേറ്റക്കാരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒഴിപ്പിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button