Latest NewsKeralaNews

അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയയില്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയയില്‍ ചില ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവയവങ്ങള്‍ ദാനം ചെയ്ത കുടംബാംഗങ്ങള്‍ക്ക് ആരോഗ്യവകുപ്പും സാമൂഹ്യസുരക്ഷാ മിഷനും മൃതസഞ്ജീവനിയും സഹകരിച്ച് ഒരു ക്ഷേമ പദ്ധതി ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ അവയവദാന ദിനാചരണത്തോടനുബന്ധിച്ച് വി.ജെ.റ്റി. ഹാളില്‍ മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുകയും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കയും ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അവയവങ്ങള്‍ സ്വീകരിക്കുന്ന കുടുംബത്തിന്റെയും വേദനയറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളരെയധികം ചെലവു കൂടിയതാണ് അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. ഇതുകഴിഞ്ഞുള്ള തുടര്‍ ചികിത്സകളും വിലകൂടിയ മരുന്നുകളും പുനരധിവാസവും പലര്‍ക്കും താങ്ങാനാകുന്നതല്ല. മരുന്നിന് മാത്രമായി 10,000 മുതല്‍ 20,000 വരെ രൂപ വരെ പ്രതിമാസം ചെലവാകും. മാത്രമല്ല ഇവര്‍ക്ക് മാസങ്ങളുടെ വിശ്രമവും ആവശ്യമാണ്. അവയവ ശസ്ത്രക്രിയയുടേയും ചികിത്സയുടേയും നിരക്കുകള്‍ ഏകീകരിക്കുക, കുറഞ്ഞ നിരക്കില്‍ ജനറിക് മരുന്നുകള്‍ ലഭ്യമാക്കുക, കാരുണ്യ പദ്ധതി വ്യാപിപ്പിക്കുക തുടങ്ങിയ പലതും സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അവയവം മാറ്റിവെച്ചാല്‍ മാത്രം ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന അനേകായിരം രോഗികള്‍ കേരളത്തിലുണ്ട്. എന്നാല്‍, മസ്തിഷ്‌ക മരണാനന്തര അവയവദാനത്തിന്റെ കുറവും ജീവിച്ചിരിക്കുന്നവരുടെ അവയവങ്ങള്‍ ലഭിക്കാനുള്ള സാഹചര്യക്കുറവുമാണ് ഇതിന് പ്രധാന തടസം. ഉയര്‍ന്ന സാമ്പത്തികശേഷിയുള്ളവര്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കി ജീവിച്ചിരിക്കുന്നവരില്‍ നിന്നും അവയവങ്ങള്‍ സ്വീകരിക്കുന്നതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ ഒളിഞ്ഞിരിക്കുന്ന ചതി പലരും മനസ്സിലാക്കുന്നില്ല. കാരണം സാമ്പത്തികം മാത്രം മോഹിച്ച് മുന്‍കരുതലുകളില്ലാതെ അവയവദാനം നടത്തുന്നവര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുകയും കിട്ടിയതിനേക്കാള്‍ പണം ചികിത്സയ്ക്കായി ചെലവാകുകയും ചെയ്യും. ഇത് തിരിച്ചറിഞ്ഞാണ് അവയവദാനം നടത്തേണ്ടത് അടുത്ത രക്തബന്ധമുളളവര്‍ക്ക് മാത്രമാക്കുവാനും മസ്തിഷ്‌ക മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുവാനും സര്‍ക്കാര്‍ ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവിച്ചിരിക്കുന്നവരില്‍നിന്ന് അവയവങ്ങള്‍ സ്വീകരിക്കുമ്പോള്‍ അതിന്റെ നാനാവശങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തിയിരിക്കണം. തുടര്‍ചികിത്സ, വിശ്രമം എന്നിവയ്ക്കുള്ള എല്ലാ സാഹചര്യങ്ങളും ഉറപ്പാക്കിയിരിക്കണം. പലപ്പോഴും ഇതൊന്നുമുണ്ടാവുന്നില്ല. ഒരു തുക കൊടുത്ത് വണ്‍ടൈം സെറ്റില്‍മെന്റ് എന്ന നിലയില്‍ കാര്യം തീര്‍ക്കും. അവയവദാതാവിന്റെ കാര്യം തീരെ ശ്രദ്ധിക്കുകയുമില്ല. ഈ അവസ്ഥ അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ഒരു പുതിയ ഉണര്‍വായി ചുരുങ്ങിയ കാലത്തിലുള്ളില്‍ മൃതസഞ്ജീവനി മാറിയിട്ടുണ്ട്. വിവിധ അവയവങ്ങള്‍ക്ക് കേടുപാട് വന്ന എഴുന്നൂറിലധികം രോഗികള്‍ക്കാണ് മൃതസഞ്ജീവനി വഴി പുതിയ ജീവിതമുണ്ടായത്. ഒടുവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 49 പേര്‍ക്ക് ഹൃദയം, 3 പേര്‍ക്ക് ശ്വാസകോശം, 210 പേര്‍ക്ക് കരള്‍, 456 പേര്‍ക്ക് വൃക്ക, 7 പേര്‍ക്ക് പാന്‍ക്രിയാസ,് 3 പേര്‍ക്ക് ചെറുകുടല്‍, 8 പേര്‍ക്ക് കൈ എന്നിങ്ങനെ 267 ദാതാക്കളില്‍ നിന്നായി 736 പേര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ മൃതസഞ്ജീവനിക്ക് സാധിച്ചു.

അവയവദാനത്തെപ്പറ്റി ഉണ്ടായ തെറ്റിദ്ധാരണകളില്‍ ജനങ്ങളുടെ ആശങ്കകളും സംശയങ്ങളുമകറ്റാന്‍ സര്‍ക്കാര്‍ സമയബന്ധിതമായി ഇടപെട്ടിരുന്നു. അതിന്റെ ഫലമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പ്രകാരമാകണം എന്ന് നിഷ്‌ക്കര്‍ഷിച്ചു. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന ഡോക്ടര്‍മാരിലൊരാള്‍ ആ ആശുപത്രിക്ക് പുറത്ത് നിന്നുള്ള സര്‍ക്കാര്‍ ഡോക്ടറായിരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍പ്പോലും പുറത്തുനിന്നുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് ഇപ്പോള്‍ മസ്തിഷ്‌ക മരണ സ്ഥിരീകരണം നടത്തിവരുന്നത്.

ജീവിച്ചിരിക്കുന്നവരുടെ അവയവം ദാനം ചെയ്യുന്നതിനുള്ള പ്രക്രിയ കൂടുതല്‍ സുഗമമാക്കണമെന്നും നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നുമുള്ള ആവശ്യം പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ വിഷയവും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും. അവയവം മാറ്റിെവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന ട്രാന്‍സ്പ്ലാന്റ് സെന്ററുകളുടെ നിലവാരം നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അവയവങ്ങള്‍ മാറ്റിവെച്ചവരുടെ ഒരു ഡിജിറ്റല്‍ ഡേറ്റാ ബാങ്ക് തുറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതാണ്. സര്‍ക്കാര്‍ മേഖലയില്‍ വിജയകരമായി ഹൃദയം മാറ്റിവെയ്ക്കല്‍ നടത്തുന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇടക്കാലത്ത് നിലച്ചുപോയ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പുനരുജ്ജീവിപ്പിക്കാന്‍ സത്വര നടപടികളെടുക്കും എന്നുകൂടി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ജനങ്ങളെ മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധതികളാണ് ആരോഗ്യരംഗത്ത് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ആരോഗ്യരംഗത്തെ കേരളത്തിന്റെ മാതൃക ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. ആ പ്രതാപം മങ്ങലേല്‍ക്കാതെ കാത്തുസൂക്ഷിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവിതശൈലീ രോഗങ്ങള്‍ മൂലം അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി അകാലത്തില്‍ അന്തരിക്കുന്നവര്‍ക്ക് ആശ്വാസകരമാണ് മസ്തിഷ്‌ക മരണാനന്തര അവയവദാനമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആയിരക്കണക്കിന് രോഗികളാണ് മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് അവയവങ്ങള്‍ മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കനുയോജ്യമായ അവയവങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ ചെറു പ്രായത്തില്‍ തന്നെ അവര്‍ മരണമടയുന്നു. എന്നാല്‍ ഇവരെ ജീവിതത്തതിലേക്ക് തിരികെ കൊണ്ടുവരണമെങ്കില്‍ അവയവാനം നടക്കേണ്ടതുണ്ട്.

മസ്തിഷ്‌കമരണ സ്ഥിരീകരിക്കുന്ന രീതിയെപ്പറ്റി പൊതുജനങ്ങള്‍ക്കുണ്ടായിരുന്ന ആശങ്ക ദുരീഹരിച്ചെന്നും മന്ത്രി പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ സ്ഥിരീകരണ പ്രകൃയയില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി കര്‍ശനമാക്കിയെന്നും മന്ത്രി പറഞ്ഞു.

മസ്തിഷ്‌ക മരണാന്തര അവയവദാന രംഗത്ത് മികച്ച സംഭാവന നല്‍കിയ ഡോക്ടറിനുള്ള ഡോ. രാംദാസ് പിഷാരടി സ്മാരക പുരസ്‌കാരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ ന്യൂറോ സര്‍ജറി പ്രൊഫസര്‍ ഡോ. ഈശ്വര്‍ എച്ച്.വി.ക്ക് മുഖ്യമന്ത്രി സമര്‍പ്പിച്ചു.

കെ.എന്‍.ഒ.എസ് നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് കേരള സര്‍വകലാശാല എന്‍എസ്എസ് പ്രതിനിധി ഡോ. ഷാജിയില്‍ നിന്നും അവയവദാന സമ്മതപത്രം സ്വീകരിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മെഡിക്കല്‍കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, മുന്‍ ഐ.എം.എ. ദേശീയ പ്രസിഡന്റ് ഡോ. മാര്‍ത്താണ്ഡ പിള്ള, കിംസ് ചെയര്‍മാന്‍, എം.ഡി. ഡോ. എം.ഐ. സഹദുള്ള, ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി, കെ.ജി.എം.സി.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡോ. കവിത രവി, കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. മധു വി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിവിധ അവയവങ്ങള്‍ക്ക് കേടുപാട് വന്ന എഴുന്നൂറിലധികം രോഗികള്‍ക്കാണ് മൃതസഞ്ജീവനി വഴി പുതിയ ജീവിതമുണ്ടാക്കിയത്. അവയവങ്ങള്‍ ദാനം ചെയ്ത കുടുംബാംഗങ്ങളുടേയും അത് സ്വീകരിച്ചവരുടേയും ഒരപൂര്‍വ സംഘമം കൂടിക്കാഴ്ച കൂടിയായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button