ശ്രീലങ്കയില്‍ നടന്ന ട്രെഡ് മെഡ് ഇന്റര്‍നാഷണല്‍ സിംപോസിയം ആന്റ് എക്സ്പോ കൊളംബോയുടെ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി ആരോഗ്യ് മന്ത്രി കെ കെ ശൈലജ പങ്കെടുത്തു. ഭൂപ്രകൃതി ,കാലാവസ്ഥ , ഭക്ഷണ രീതികള്‍ , സംസ്‌കാരം എന്നിവയെല്ലാം ശ്രീലങ്കയും കേരളവും തമ്മില്‍ സമാനതകള്‍ ഏറെ ഉണ്ടങ്കിലും ആയൂര്‍വേദം രണ്ട് നാടുകളെയും തമ്മില്‍ ദ്യഢമായി കൂട്ടിയിണക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ പ്രത്യേകിച്ചും ജിവിത ശൈലി രോഗപ്രതിരോധത്തിന് ആയൂര്‍വേദത്തിന്റെ സാധ്യതകള്‍ കേരളം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടന്നും മന്ത്രി സൂചിപ്പിച്ചു. കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തിലും സര്‍ക്കാര്‍ ആയൂര്‍വേദ ചികിത്സാ സ്ഥാപനങ്ങള്‍ ഇന്നുണ്ട്. ആയൂര്‍വേദത്തില്‍ ഗവേഷണ പഠനങ്ങള്‍ നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയൂര്‍വേദ സ്ഥാപിക്കുന്നുണ്ടെന്നും ലോകോത്തര നിലവാരത്തിലേക്ക് അതിനെ വളര്‍ത്തിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ 2018 മെയ് രണ്ടാം വാരത്തില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഇന്റര്‍നേഷണല്‍ ആയുഷ് കോണ്‍ക്ലേവും എക്സ്പോയും സംഘടിപ്പിക്കും. പൊതുജനാ രോഗ്യ മേഖലയിലെ ആയുഷ് വൈദ്യശാസ്ത്ര വിഭാഗങ്ങളുടെ ഇടപെടലുകളെ ലോക ശ്രദ്ധയില്‍ എത്തിക്കുകയാണ് ഈ സെമിനാറുകൊണ്ട് ഉദ്ദേശിക്കുന്നത്.ആയൂര്‍വേദവുമായി ബന്ധപ്പെടുത്തി ടൂറിസം മേഖലയില്‍ പശ്ചാത്തല സൗകര്യ വികസനവും സെമിനാറില്‍ ചര്‍ച്ച ചെയ്യും. ഇന്റര്‍നേ ഷണല്‍ ആയുഷ് കോണ്‍ക്ലേവിലേക്ക് ശ്രീലങ്കയുടെ സഹകരണം ശ്രീലങ്കന്‍ ആരോഗ്യമന്ത്രി രജിത സേന രക്നയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്റര്‍നേഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ശ്രീലങ്ക പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ശ്രീലങ്കന്‍ ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കൊച്ചിയില്‍ നടക്കാന്‍ പോവുന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന് ശ്രീലങ്ക പങ്കാളിയാവുമെന്നും മന്ത്രി പറഞ്ഞു.
ഹോമിയോ ഔഷധങ്ങള്‍ കേരളത്തിലെ ഹോമിയോ ഔഷധ നിര്‍മ്മാണ സ്ഥാപനമായ ഹോംകോയില്‍ നിന്നും ശ്രീലങ്കയിലേക്ക് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ആരോഗ്യ മന്ത്രി ചര്‍ച്ച നടത്തിയതായും മന്ത്രി അറിയിച്ചു. ഔഷധിയുടെ ആയൂര്‍വേദ മരുന്നുകള്‍ ഇറക്കുമതി ചെയ്യുവാന്‍ ശ്രീലങ്കയ്ക്ക് താല്പര്യമുണ്ടെന്നും ഇത് സംബന്ധിച്ച് കരാര്‍ ഉണ്ടാക്കുവാന്‍ ധാരണയായേക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
Post Your Comments