ന്യൂയോര്‍ക്ക്: അനുഭാവികള്‍ക്കിടയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ വിശ്വാസ്യത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങളില്‍ പോണ്‍ വീഡിയോകളും ചിത്രങ്ങളും കുത്തി നിറച്ച് ഇറാഖിലെ യുവ ഹാക്കര്‍മാര്‍.
ദായേഷ്ഗ്രാം എന്നാണ് ഈ ഹാക്കര്‍ സംഘത്തിന്റെ പേര്. ഇസ്ലാമിക് സ്റ്റേറ്റിനെ സൂചിപ്പിക്കുന്ന ദായേഷ് എന്ന വാക്കും ഇന്‍സ്റ്റാഗ്രാം എന്ന പദവും ചേര്‍ത്താണ് ദായേഷ് ഗ്രാം എന്ന പേര് വന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ഉപയോഗിക്കുന്ന മാധ്യമ വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറുകയും എന്‍ക്രിപ്റ്റഡ് സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനായ ടെലിഗ്രാമില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇറാഖി ഹാക്കര്‍ സംഘം ചെയ്യുന്നത്.
സിറിയയില്‍ പുതിയ മീഡിയാ സെന്റര്‍ തുടങ്ങുന്നുണ്ടെന്നറിയിച്ചുകൊണ്ടുള്ള ഐ.എസ് നേതാക്കളുടെ ഒരു വീഡിയോയില്‍ നഗ്‌നയായ സ്ത്രീയുടെചിത്രം ചേര്‍ത്ത് ഈ ഹാക്കര്‍മാര്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ നേതാക്കള്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നവരാണെന്ന രീതിയിലാണ് ഈ വീഡിയോ പ്രചരിച്ചത്.
ഇസ്ല്മിക് സ്റ്റേറ്റ് അനുകൂല വാര്‍ത്താ ഏജന്‍സിയായ അമാഖിന്റെ ( Amaq) വിശ്വാസ്യത ഇല്ലാതാക്കുന്നതിനായി ഏജന്‍സിയുടെ പേരിലും നിരവധി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ഇത്തരത്തില്‍ പ്രചരിച്ച വ്യാജ സന്ദേശങ്ങളുടെ പേരില്‍ ഐഎസ് അനുഭാവികള്‍ തമ്മില്‍ നിരവധി തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെന്നും ഹാക്കര്‍മാര്‍ പറയുന്നു.
ഇത്തരത്തില്‍ ഐഎസിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ഐഎസ് അനുകൂല സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലും മറ്റ് ആശയവിനിമയ മാര്‍ഗ്ഗങ്ങളിലും കാര്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. ഇതുവഴി ഐഎസ് പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനാവുമെന്ന് ഇറാഖി ഹാക്കര്‍മാര്‍ പ്രതീക്ഷിക്കുന്നു.
Post Your Comments