
തൃശ്ശൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷിച്ച കൊടി സുനിക്ക് ജയില്‍ അധികൃതര്‍ ജോലികള്‍ ഒഴിവാക്കിനല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ശിക്ഷലഭിച്ച തടവുകാര്‍ക്ക് എന്തെങ്കിലും ജോലികള്‍ നല്‍കണമെന്നാണ് ജയില്‍ ചട്ടം. എന്നാല്‍ പേരിന്, സെല്ലിലെ എന്തെങ്കിലും ജോലി ഇയാളുടെ പേരില്‍ ചേര്‍ക്കുകയാണ് പതിവ്. ഇരുപതുവര്‍ഷത്തിലധികമായി ജയില്‍ശിക്ഷയനുഭവിക്കുന്നവരെയും അറുപതു വയസ്സിന് മുകളിലുള്ളവരെയും ഇത്തരത്തില്‍ ജോലികള്‍ക്കായി നിയോഗിക്കുമ്പോഴാണ് സുനി ഉള്‍പ്പെടെയുള്ള ചില തടവുകാരെ ഒഴിവാക്കുന്നത്.
കൃഷി, ശുചീകരണം, പാചകം തുടങ്ങിയ ജോലികളാണ് തടവുകാരെ ഏല്‍പ്പിക്കാറ്. എട്ടുമണിക്കൂറാണ് ഇവരുടെ ജോലിസമയം. ഒരുതവണ ജോലിക്ക് നിയോഗിച്ചപ്പോള്‍ പ്രശ്നമുണ്ടാക്കിയെന്ന കാരണം പറഞ്ഞാണ് അധികൃതര്‍ ഇവരെ ജോലിയില്‍നിന്ന് ഒഴിവാക്കിവിടുന്നത്. എന്നാല്‍ കോടതിയില്‍ കൊണ്ടുപോകുമ്പോഴും ഇവര്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കാറുണ്ട്. സുനി നിശ്ചയിക്കുന്ന സ്ഥിരം കടയില്‍ നിന്നായിരിക്കും ഭക്ഷണം. കോടതിയില്‍ സുനിയെ കാണാന്‍ ഇരുപതില്‍ക്കൂടുതല്‍ പേര്‍ എത്തും. ഇവരുടെ ഫോണില്‍നിന്ന് സുനി യഥേഷ്ടം ഫോണ്‍ ചെയ്യാറുമുണ്ട്.
മദ്യപാനത്തിനുള്ള സൗകര്യംവരെ ഈ സുഹൃത്തുക്കള്‍ ഒരുക്കാറുണ്ടെന്നാണ് വിവരം. ഇവരുടെ ഉന്നതസ്വാധീനം കാരണം ഇതിനെ എതിര്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സാധിക്കാറില്ല. മുമ്ബ് ഉന്നത രാഷ്ട്രീയനേതാക്കളുടെ പേരുപറഞ്ഞ് ജയില്‍ ഉദ്യോഗസ്ഥരെ തടവുപുള്ളികള്‍ പേടിപ്പിക്കുന്ന സംഭവങ്ങളും അരങ്ങേറിയിരുന്നു. ഫോണ്‍, കഞ്ചാവ് ഉപയോഗങ്ങള്‍ തടയാന്‍ സാധിക്കാത്തതിനുകാരണവും ഇത്തരം ബന്ധങ്ങളാണ്.
Post Your Comments