Latest NewsNewsIndia

അവധിയില്‍ പോയ ജവാന്റെ കൊലപാതകം : കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ അവധിയിലുള്ള ജവാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷോപിയാന്‍ ജില്ലയിലെ വത്മുള്ള കീഗം മേഖലയില്‍ ശനിയാഴ്ച രാവിലെയാണ് ഇര്‍ഫാന്‍ അഹമ്മദ് മിറിന്റെ (23) വെടിയുണ്ടകളേറ്റ മൃതദേഹം കണ്ടെത്തിയതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് മിറിനെ കാണാതായത്.

സെസാന്‍ കീഗം സ്വദേശിയായ മിര്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമായി ഗുരെസിലെ എന്‍ജിനീയറിങ് റെജിമെന്റിലാണ് ജോലിചെയ്യുന്നത്. ഞായറാഴ്ചവരെ മിര്‍ അവധിയിലായിരുന്നെന്ന് പ്രതിരോധമന്ത്രാലയ വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു. എന്നാല്‍ പിന്നീട് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്നും പോലീസ് ഇത് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് വീട്ടില്‍നിന്ന് കാറില്‍പ്പോയ മിറിന്റെ മൃതദേഹമാണ് പിന്നീട് കാണുന്നത്. മൃതദേഹം കണ്ടെത്തിയ പ്രദേശത്തുനിന്ന് ഒരുകിലോമീറ്റര്‍ അകലെ കാര്‍ കണ്ടെത്തി.

അവധിയില്‍ പ്രവേശിച്ചശേഷം ഈവര്‍ഷം ഭീകരര്‍ കൊലപ്പെടുത്തുന്ന മൂന്നാമത്തെ സൈനികനാണ് മിര്‍. മേയില്‍ ലെഫ്റ്റനന്റ് ഉമര്‍ ഫയാസ്, സെപ്റ്റംബറില്‍ മുഹമ്മദ് റംസാന്‍ പാരേ എന്നിവരെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. കൊലയില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അപലപിച്ചു. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ ഇത്തരം പ്രവൃത്തികള്‍ ദുര്‍ബലപ്പെടുത്തുമെന്ന് അവര്‍ ട്വീറ്റ് ചെയ്തു. കൊലയെ നിന്ദ്യമായ പ്രവൃത്തിയെന്നാണ് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിശേഷിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button