ആലപ്പുഴ: റെയില്‍വേ ഗേറ്റുകളില്‍ ജോലിചെയ്യുന്ന സ്ത്രീകളില്‍ ബിടെക്കുകാരും എംഎസ്‌സിക്കാരും. എസ്എസ്എല്‍സിയാണ് അടിസ്ഥാനയോഗ്യതെങ്കിലും ഇവിടെ ജോലി ചെയ്യുന്നവരില്‍ ഏറെയും ഉന്നത ബിരുദധാരികളാണ്. 150ലേറെ പെണ്‍കുട്ടികളെ ഓഫീസ് ജോലികള്‍ക്ക് നിയോഗിച്ചിട്ടുണ്ട്. രാത്രി ഗേറ്റുകളില്‍ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന ദുരിതങ്ങള്‍ പലരും തുറന്നുപറയാറില്ല. ജോലിക്ക് വിടാതിരിക്കുമോ എന്നുള്ള പേടിയും മേല്‍ ഉദ്യോഗസഥരുടെ സഹകരണക്കുറവുമാണിതിന് പിന്നില്‍.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് ഒരു ഗേറ്റിലെ പെണ്‍കുട്ടിക്കുനേരേ രാത്രിയില്‍ ആക്രമണമുണ്ടായത് കേസായി. റെയില്‍വേ ഇടപെട്ടു. തുടര്‍ന്ന് രാത്രി പരിശോധനയ്ക്ക് ആര്‍.പി. എഫിനെ നിയോഗിച്ചെങ്കിലും അധികം വൈകാതെ നിലച്ചു. ഗേറ്റുകളില്‍ ക്യാമറ സ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചതും നടന്നില്ല. മറ്റൊരു ഗേറ്റില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഒരാളെ പൊലീസ് പിടിച്ചു. വിവാഹം മുടങ്ങുമെന്ന പേടിയില്‍ കേസാക്കാതെ വിട്ടു. 2013 വരെ പെണ്‍കുട്ടികളെ ഗേറ്റില്‍ നിയോഗിച്ചിരുന്നില്ല. ജോലിയിലെ പലവിധ ബുദ്ധിമുട്ടുകള്‍ കാരണം ഒട്ടേറെപ്പേര്‍ ട്രാക്ക്‌മെയിന്റനര്‍ ജോലി വിട്ടുപോയി. ട്രാക്ക് വുമണ്‍ തസ്തികയുണ്ടെങ്കിലും അവര്‍ക്ക് ഓഫീസുകളിലോ, റെയില്‍പാത സംരക്ഷണ പ്രവര്‍ത്തനങ്ങളിലോ ആണ് ചുമതല കൊടുത്തിരുന്നത്.
നിരന്തരം സുരക്ഷാഭീഷണിയുള്ള സ്ഥലങ്ങളില്‍ ഇപ്പോള്‍ പുരുഷന്മാരെയാണ് നിയോഗിക്കുന്നത്. എ, ബി, സി ക്ലാസ് ക്രമത്തില്‍ ഗേറ്റുകള്‍ തരം തിരിച്ചിട്ടുണ്ട്. എട്ട് മണിക്കൂറാക്കി ജോലി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലേബര്‍ കോടതിയില്‍ ചിലര്‍ കൊടുത്ത ഹര്‍ജിയില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. നിരന്തരം പ്രശ്‌നമുണ്ടായ രണ്ട് ഗേറ്റുകളില്‍ ക്യാമറ സ്ഥാപിച്ചതായി റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു. ആര്‍.പി.എഫിന്റെ കുറവുകാരണം എല്ലായിടത്തും റോന്തുചുറ്റലിന് നിയോഗിക്കാന്‍ ആളില്ല. അതതിടത്തെ പൊലീസ് സ്റ്റേഷനിലുള്ള രാത്രികാല റോന്തുചുറ്റല്‍ റെയില്‍വേ ഗേറ്റുകളില്‍ കൂടി വ്യാപിപ്പിക്കാനുള്ളസാധ്യതകളെപ്പറ്റി ആലോചിക്കുന്നുണ്ട്.
Post Your Comments