കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊടിസുനി ജയിലിലിരുന്ന് കവര്‍ച്ച ആസൂത്രണം ചെയ്തതിന് നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്. കവര്‍ച്ച ആസൂത്രണം ചെയ്യാന്‍ അഞ്ഞൂറിലേറെ ഫോണ്‍കോളുകള്‍ ചെയ്തെന്ന് പോലീസ്. കവര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ കാക്ക രഞ്ജിത്തിനെ 244 തവണ വിളിച്ചിട്ടുണ്ട്. കവര്‍ച്ചമുതല്‍ വാങ്ങിയ കൊല്ലത്തെ സ്വകാര്യ പണമിടപാടുകാരന്‍ രാജേഷ് ഖന്നയെ ഇരുന്നൂറിലധികം തവണ വിളിച്ചു.
കൊടിസുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിന്റെ ഏതാനും ആഴ്ചകളിലെ വിവരങ്ങള്‍ ശേഖരിച്ചതില്‍നിന്നാണ് ഇത്രയധികം ഫോണ്‍ കോളുകള്‍ ഉണ്ടായത് കണ്ടെത്തിയത്. 2017 ജൂലായ് 16-ന് നല്ലളം മോഡേണ്‍ സ്റ്റോപ്പിന് സമീപം കാര്‍യാത്രികനെ ആക്രമിച്ച് മൂന്ന് കിലോഗ്രാമോളം കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നതിന്റെ ആസൂത്രകന്‍ സുനിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കാക്ക രഞ്ജിത്തിനെയും രാജേഷ് ഖന്നയെയും വിളിക്കാന്‍ ഉപയോഗിച്ച അതേ നമ്പറില്‍നിന്ന് സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ രണ്ടു നേതാക്കളെയും തലശ്ശേരി, ചൊക്ലി ഭാഗത്തെ ചിലരേയും വിളിച്ചിട്ടുണ്ട്. കവര്‍ന്നെടുത്ത സ്വര്‍ണം രാജേഷ് ഖന്ന പോലീസിന് കൈമാറാതെ ഒളിപ്പിച്ചതിനു പിന്നിലും കൊടി സുനിയുടെ ഉപദേശം തന്നെയായിരുന്നു. കാക്ക രഞ്ജിത്തിന്റെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയതിന്റെ പിറ്റേദിവസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി രാജേഷ് ഖന്ന കൊടിസുനിയെ കണ്ടത് സ്വര്‍ണം ഒളിപ്പിക്കുന്നകാര്യം സംസാരിക്കുന്നതിനുവേണ്ടിയായിരുന്നെന്നാണ് നിഗമനം.
രണ്ടുദിവസത്തിനകം നല്ലളം പോലീസ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കൊടിസുനിയെ ചോദ്യംചെയ്യും. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും സമാന്തരമായി ഈ കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. മൊബൈല്‍ കമ്പനികളില്‍നിന്ന് ശേഖരിച്ച ഫോണ്‍ കോള്‍ രേഖകള്‍, ടവര്‍ ലൊക്കേഷന്‍ രേഖകള്‍, സെല്‍ ഐ.ഡി. രേഖകള്‍ എന്നിവ കേസ് പരിഗണിക്കുന്ന കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (അഞ്ച്) മുമ്പാകെ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം.
Post Your Comments