കുമരകം•ബി.ജെ.പി എം.പിയും ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖരിന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോര്‍ട്ട് ഭൂമി കൈയ്യേറിയതായി ബോധ്യപ്പെട്ടതിനാല്‍ അനധികൃതമായി കൈയ്യേറി നിര്‍മ്മിച്ച കെട്ടിടം 15 ദിവസത്തിനകം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നിരാമയയ്ക്ക് കുമരകം പഞ്ചായത്തിന്റെ നോട്ടീസ്.
കുമരകം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 11 ല്‍ പെട്ട കായല്‍ പുറമ്പോക്കില്‍പ്പെടുന്ന 0.00.44 ച.മീറ്റര്‍, 0.00.50 ച.മീറ്റര്‍ വസ്തുക്കളും ബ്ലോക്ക് 10 ല്‍ റീ സര്‍വേ 302/1 ല്‍ പെട്ട തോട് പുറമ്പോക്കില്‍പ്പെടുന്ന 2.17 ആര്‍ വസ്തുവും അനധികൃതമായി കൈയ്യേറിയതായി അഡീഷണല്‍ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തതായി കുമരകം ഗ്രാമ പഞ്ചായത്ത് നിരാമയ റിട്രീറ്റ് കുമരകം പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയ നോട്ടീസില്‍ പറയുന്നു.
24 നവംബറില്‍ താലൂക്ക് സര്‍വേയരുടെ നേതൃത്വത്തില്‍ നിരാമയ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഭൂമി അളന്ന് ഇക്കാര്യം ബോധ്യപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍ ഈ നോട്ടീസ് കൈപറ്റി 15 ദിവസത്തിനകം തോട് പുറമ്പോക്ക് അനധികൃതമായി കൈയ്യേറി നിര്‍മ്മിച്ച കെട്ടിടം ഉടന്‍ പൊളിച്ചുനീക്കണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു.
അനധികൃതമായി കൈയ്യേറിയിട്ടുള്ള കായല്‍ പുറമ്പോക്ക്, തോട് പുറമ്പോക്ക് എന്നിവയില്‍ നിന്നും പഞ്ചായത്തീരാജ് ആക്റ്റ് ‘കൈയ്യേറ്റം നീക്കം ചെയ്യലുംഅനധികൃതമായി കൈവശം വയ്ക്കുന്നതിന് പിഴ ഈടക്കലും’ പ്രകാരം ഒഴിപ്പിക്കാന്‍ തീരുമാനിച്ചിട്ടുല്ലതിനാല്‍ അനധികൃത കൈയ്യേറ്റ ഭൂമി ഒഴിഞ്ഞുനല്‍കണം. ഈ ഭൂമിയില്‍ നിരാമയയ്ക്ക് ഇന്ന് മുതല്‍ യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ലെന്നും ഇത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ നോട്ടീസ് കിട്ടി 15 ദിവസത്തിനകം ബോധിപ്പിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറി ഇ.വിഷ്ണു നമ്പൂതിരി പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു.
Post Your Comments