ഭോപ്പാല്‍: ലേഡീസ് ഹോസ്റ്റലില്‍ പ്രേതശല്യം. മധ്യപ്രദേശിലെ ഒരു ലേഡീസ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയുടെ പുറത്ത് അസാധാരണമായ ശബ്ദം കേൾക്കാറുണ്ടായിരുന്നു. ഇതാണ് പ്രേതബാധയാണെന്ന് അധികൃതര്‍ ഉറപ്പിച്ചത്. തുടർന്ന് പ്രേതത്തെ തുരത്താന്‍ ഒരുചെറിയ കൂടോത്ര പ്രയോഗവും അധികൃതര്‍ നടത്തി.
പ്രേതശല്യം ഉണ്ടായത് ഭന്‍ഗഘ് ഗ്രാമത്തിലെ സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി റോഷ്‌നി ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ മുറിക്ക് പുറത്ത് ജനാലയുടെ അടുത്തുനിന്ന് അസാധാരണമായ ശബ്ദം കേൾക്കുകയും ഇക്കാര്യം മുറിയിലുണ്ടായിരുന്ന മറ്റുള്ളവരെയും അറിയിക്കുകയും ചെയ്തു.
തുടർന്ന് പേടിച്ചരണ്ട പെണ്‍കുട്ടികള്‍ വിവരം വീട്ടുകാരെ അറിയിച്ചു. ഇതോടെ അവര്‍ വന്ന് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി. ഹോസ്റ്റല്‍ ബുധനാഴ്ചയോടെ കാലിയായി. ഹോസ്റ്റല്‍ സമീപപ്രദേശത്തെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണിത്.
പേടി മാറാന്‍ മുറികളുടെ വാതിലുകളില്‍ നാരങ്ങയും പച്ചമുളകും നാരക ഇലയും ചേര്‍ത്ത് കെട്ടിവച്ചു. ഇത് ദുഷ്ടശക്തിയുടെ സ്വാധീനം ഒഴിവാക്കുന്നതിനാണെന്നാണ് പറയുന്നത്. അതേസമയം, പ്രേതമല്ല, ഹോസ്റ്റലില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏതോ വിരുതന്മാരാണ് കുട്ടികളെ പേടിപ്പിച്ചതെന്ന നിലപാടിലാണ് ഒരു വിഭാഗം നാട്ടുകാര്‍. ഇവരുടെ ശബ്ദം കേട്ടാണ് കുട്ടികള്‍ പേടിച്ചത്. ഭയപ്പെടുത്തുന്നതിനു വേണ്ടി മനഃപൂര്‍വ്വം ശബ്ദമുണ്ടാക്കിയതാണോയെന്നും സംശയിക്കുന്നു.
Post Your Comments