തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ വിവിധ ആശുപത്രികളിലെ ആറ് ഡോക്ടര്‍മാര്‍ പ്രതികളാകും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. പാട്രിക്, ഡോ. ശ്രീകാന്ത്, അസീസ്യ മെഡിക്കല്‍ കോളജിലെ ഡോ. റോഹന്‍, ഡോ. ആഷിക്, കൊല്ലം മെഡിട്രീന ആശുപത്രിയിലെ ഡോക്ടര്‍ പ്രീതി, മെഡിസിറ്റിയിലെ ഡോക്ടര്‍ ബിലാല്‍ അഹമ്മദ് എന്നിവരെ പ്രതികളാക്കാനാണ് തീരുമാനം.
ഇവര്‍ വിചാരിച്ചിരുന്നെങ്കില്‍ മുരുകന്റെ ജീവന് രക്ഷിക്കാമായിരുന്നെന്നും അന്വേഷണ സംഘം വിലയിരുത്തി.എന്നാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമേ തീരുമാനിക്കൂ. കേസില്‍ നിന്ന് കൊല്ലം കിംസ്, എസ്.യു.ടി റോയല്‍ ആശുപത്രികളെ ഒഴിവാക്കി. കേസില്‍ 45 സാക്ഷികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.മുരുകന് ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഈ ആശുപത്രികള്‍ക്കെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു.
ഡ്യൂട്ടിയിലായിരുന്ന ഡോക്ടര്‍മാരെ കേന്ദ്രീകരിച്ചാണ് പൊലീസ് സംഘം അന്വേഷണം നടത്തിയത്. ഡോക്ടര്‍മാരുടെ നിര്‍ദേശം ഇല്ലാതെ നഴ്സ് ഉള്‍പ്പടെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന വസ്തുത പൊലീസിന് ബോദ്ധ്യമുണ്ട്. എന്നാൽ ചില ആശുപത്രി മാനേജ്മെന്റുകള്‍ ഇത്തരം കേസുകളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരെങ്കിലും താല്പര്യം കാണിച്ചാല്‍ അവരുടെ ശമ്പളത്തില്‍ നിന്നും ചികിത്സാതുക ഈടാക്കുമെന്ന മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്നതും കേസില്‍ നിര്‍ണായക ഘടകമാണ്.
Post Your Comments