Latest NewsNewsIndiaHighlights 2017

ആധാര്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തിലൂടെ കോടികളുടെ ലാഭം നേടാനായെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആധാര്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തിലൂടെ പതിനായിരക്കണക്കിന് കോടി രൂപയുടെ ലാഭം സര്‍ക്കാരിനു നേടാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചാമത് സൈബര്‍ സ്‌പേസ് ആഗോള സമ്മേളനം (ജിസിസിഎസ്) ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കു സബ്‌സിഡികള്‍ നേരിട്ടു നല്‍കാന്‍ (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍- ഡിബിടി) സാങ്കേതികവിദ്യയുടെ സമന്വയം ഏറെ സഹായിച്ചു.

ആധാര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ സംയോജിപ്പിച്ച് സബ്‌സിഡി നേരിട്ടു കൊടുത്തതോടെ ഏകദേശം 65,000 കോടി രൂപ (10 ബില്യന്‍ ഡോളര്‍) സര്‍ക്കാരിനു ലാഭിക്കാനായി. മികച്ച സേവനവും ഭരണവും വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ കണ്ടെത്തലുകളും ആളുകളിലെത്താന്‍ സാങ്കേതികവിദ്യ സഹായിക്കുന്നു. ‘ഡിജിറ്റല്‍ ഇന്ത്യ’ ലോകത്തിലെ വലിയ സാങ്കേതികവിദ്യാ പരിപാടിയാണ്. ജന്‍ധന്‍ അക്കൗണ്ട്, ആധാര്‍, മൊബൈല്‍ എന്നിവ സമന്വയിപ്പിച്ച ‘ജാം’ അഴിമതി കുറയ്ക്കാനും സുതാര്യത കൂട്ടാനും സഹായിച്ചു. ഇടനിലക്കാരെ ഒഴിവാക്കിയതിലൂടെ ഇന്ത്യക്ക് സബസിഡി ഇനത്തില്‍ 10 ബില്യന്‍ ഡോളര്‍ സംരക്ഷിക്കാനായി. ദ്വിദിന സമ്മേളനത്തില്‍ 120 രാജ്യങ്ങളിലെ 10,000 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ ദ്രുതവേഗത്തിലുള്ള മാറ്റത്തെക്കുറിച്ചാണു പ്രസംഗത്തില്‍ മോദി എടുത്തുപറഞ്ഞത്.

വലിയ കംപ്യൂട്ടറുകളില്‍നിന്ന് കൈപ്പിടിയില്‍ ഒതുങ്ങുന്ന സ്മാര്‍ട്ട് ഫോണിലേക്കും ഗാഡ്ജറ്റുകളിലേക്കും സാങ്കേതികവിദ്യ മാറി. രണ്ടു പതിറ്റാണ്ടിനിടെ സൈബര്‍ സ്‌പേസില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) തുടങ്ങിയവ സാധാരണമായെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി ആപ് ജനങ്ങളുമായി ആഴത്തില്‍ ബന്ധപ്പെടാന്‍ തന്നെ സഹായിക്കുന്നു. ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും ലഭ്യമാകണം. സൈബര്‍ സുരക്ഷ ആകര്‍ഷകമായ ജോലിയാകണം. സൈബര്‍ പോരാളികളെ നമുക്ക് ആവശ്യമാണ്. ഭീകരവാദം പോലുള്ള ദുഷ്ടശക്തികളുടെ വിളനിലമാകരുത് സൈബര്‍ ഇടങ്ങള്‍. സ്വകാര്യതയും തുറവിയും തമ്മില്‍ സംതുലനം വേണം. രാജ്യസുരക്ഷ വളരെ പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button