ശാസ്താംകോട്ട: മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍നിന്ന് തീ പടര്‍ന്നുപിടിച്ച് വീട്ടിലെ കിടക്കമുറി കത്തിനശിച്ചു. വീടിന്റെ കോണ്‍ക്രീറ്റിനും ഭിത്തികള്‍ക്കും ബലക്ഷയവും സംഭവിച്ചു. കുന്നത്തൂര്‍ ഐവര്‍കാല പ്ലാമുക്കിനുസമീപം പ്ലാവിളവീട്ടില്‍ ശാന്തയുടെ വീട്ടിലെ കിടക്കമുറിയും വീട്ടുപകരണങ്ങളുമാണ് അഗ്‌നിക്കിരയായത്. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. ഇവരുടെ മകന്‍ ബിജു രാവിലെ ഫോണ്‍ ചാര്‍ജ് ചെയ്യാനായി കിടക്കമുറിയിലെ പ്ലഗ്ഗില്‍ ചാര്‍ജര്‍ കുത്തിയിട്ടിരുന്നു. പത്തനംതിട്ട സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് ബിജു. ചികിത്സയ്ക്കായി ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നതിനാല്‍ ചാര്‍ജര്‍ ഊരിമാറ്റാതെയും സ്വിച്ച് ഓഫ് ചെയ്യാതെയും തിടുക്കത്തില്‍ ഇറങ്ങുകയായിരുന്നു.
ശാന്തയും ബിജുവിന്റെ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുമായി ഇവര്‍ വീടിനുപുറത്ത് നില്‍ക്കുകയായിരുന്നു. റോഡിലൂടെ പോയവരാണ് മുറിക്കുള്ളില്‍നിന്ന് പുക ഉയരുന്നതു കണ്ടത്. അവര്‍ ശാന്തയെയും സമീപത്ത് പണിയിലേര്‍പ്പെട്ടിരുന്നവരെയും വിവരം ധരിപ്പിച്ചു. എല്ലാവരുംചേര്‍ന്ന് വെള്ളം കോരിയൊഴിച്ച് തീ നിയന്ത്രണവിധേയമാക്കി. അഗ്‌നിശമനസേനയെത്തി തീ പൂര്‍ണമായി അണച്ചു.
മുറിയിലുണ്ടായിരുന്ന രണ്ട് കട്ടിലും കിടക്കകളും ഇലക്ട്രിക് ഉപകരണങ്ങളും വസ്ത്രങ്ങളും വിലപ്പെട്ട രേഖകളും കത്തിനശിച്ചു. വയറിങ്ങും കത്തിയമര്‍ന്നു. വൈദ്യുതി ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൊബൈല്‍ ചാര്‍ജറിലൂടെ അമിത വൈദ്യുതി പ്രവഹിച്ച് വയര്‍ കരിഞ്ഞ് കട്ടിലിലെ മെത്തയില്‍ വീണ് തീപടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments