തിരുവനന്തപുരം: കായല്‍ കൈയേറ്റക്കേസില്‍ ഹൈക്കോടതി വിധി ചോദ്യംചെയ്ത് മുന്‍മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ച് ഭരണപക്ഷത്ത് ആശങ്ക. അപ്പീല്‍ നല്‍കുന്നത് ആലോചിച്ചുമതിയെന്ന നിര്‍ദേശം തോമസ് ചാണ്ടിക്കും എന്‍.സി.പി. നേതൃത്വത്തിനും മുഖ്യമന്ത്രി നല്‍കിയെന്നാണ് വിവരം.
സര്‍ക്കാരിനെതിരേ ഒരുമന്ത്രിതന്നെ കേസ് നല്‍കിയ സംഭവം സുപ്രീംകോടതിയില്‍ എത്തിയാല്‍ കൂടുതല്‍ രൂക്ഷമായ പരാമര്‍ശം ചിലപ്പോള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. സി.പി.ഐ. മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും.
കേസില്‍ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടാണ് തോമസ് ചാണ്ടി ചോദ്യംചെയ്തതെങ്കിലും കോടതി അതിന്റെ വിശദാംശങ്ങളിലേക്ക് പോയിരുന്നില്ല. മന്ത്രിതന്നെ സര്‍ക്കാരിനെതിരേ കേസ് നല്‍കുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ഇല്ലാതാക്കുന്ന നടപടിയാണെന്നായിരുന്നു ഹൈക്കോടതിയുടെ വിധി.
ഈ പരാമര്‍ശം നിലനില്‍ക്കേയാണ് തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുകയും ഇതില്‍ പ്രതിഷേധിച്ച് നാല് സി.പി.ഐ. മന്ത്രിമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തത്. എല്ലാ മന്ത്രിസഭായോഗങ്ങളിലും എല്ലാ മന്ത്രിമാരും പങ്കെടുക്കണമെന്നില്ല. എന്നാല്‍, തോമസ് ചാണ്ടി പങ്കെടുക്കുന്നതിനാലാണ് തങ്ങള്‍ വിട്ടുനില്‍ക്കുന്നതെന്നുകാണിച്ച് സി.പി.ഐ. നിയമസഭാകക്ഷി നേതാവ് ഇ. ചന്ദ്രശേഖരന്‍ യോഗം നടക്കുന്ന വേളയില്‍ തന്നെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കത്ത് ലഭിച്ചകാര്യം മുഖ്യമന്ത്രി പിന്നീട് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുകയും ചെയ്തു.
ഈ കത്തും കൂട്ടുത്തരവാദിത്വ ലംഘനത്തിനുള്ള തെളിവായി കണക്കാക്കപ്പെടുമെന്നാണ് നിയമവിദഗ്ധരുെട അഭിപ്രായം.
സുപ്രീംകോടതിയില്‍ ഈ കേസുമായി ചെന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്ന ആശങ്കയാണ് ഭരണപക്ഷത്തുള്ളത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രിയെ അയോഗ്യനാക്കണമെന്നും കാണിച്ച് കേരള സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കേറ്റംഗം ആര്‍.എസ്. ശശികുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജി കോടതി വാദം നിശ്ചയിച്ചിരിക്കയാണ്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്ത സി.പി.ഐ. മന്ത്രിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും കോടതിയിലുണ്ട്. ഈ കേസുകളിലെ കോടതി സമീപനംകൂടി നോക്കിയായിരിക്കും അപ്പീല്‍ കാര്യത്തില്‍ തീരുമാനമെടുക്കുക.
Post Your Comments