ക്ഷേത്രം അനുകൂല ഊര്‍ജ്ജങ്ങളുടെ സമ്മേളന കേന്ദ്രമാണ്. മന്ത്രധ്വനികളും മണിനാദവും ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനയും പൂജകളുമെല്ലാം നിറഞ്ഞ ഭക്തിസാന്ദ്രമായ ഇടമാണ് ക്ഷേത്രം. ക്ഷേത്രദര്‍ശനത്തില്‍ ആദ്യം കൊടിമരത്തെ ധ്യാനിക്കണം. ശേഷം കൊടിമരത്തിന്റേയും വലിയ ബലിക്കല്ലിന്റേയും ഇടതുവശത്തുകൂടി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കണം.
ജനനം, മരണം, ഇവയുമായി ബന്ധപ്പെട്ട വാലായ്മയും പുലയും ഉള്ളവരും ആര്‍ത്തവം ആയവരും ആ ദിവസങ്ങളില്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല. നാലമ്പലത്തിനകത്ത് ചെറിയ ബലിക്കല്ലുകള്‍ക്കു പുറമേ കൂടിയാണ് പ്രദക്ഷിണം വയ്‌ക്കേണ്ടത്.
അവയില്‍ സ്പര്‍ശിക്കുകയോ, ചവിട്ടുകയോ ചെയ്യരുത്. ക്ഷേത്രനടയില്‍ പ്രാര്‍ത്ഥനയും ജപവും മാത്രമേ പാടുളളൂ. കൈകള്‍ താമരമൊട്ടിന്റെ ആകൃതിയില്‍ ഹൃദയത്തോടോ, ശിരസ്സിനോടോ ചേര്‍ത്തുപിടിച്ചാണ് വന്ദിക്കേണ്ടത്.
തൊഴുകൈയോടെ നാമം ജപിച്ചുകൊണ്ട് മന്ദമായി നടന്നുവേണം പ്രദക്ഷിണം. ഉത്തമമായ പ്രാര്‍ത്ഥനയും വ്രതശുദ്ധിയും മനഃശുദ്ധിയും ശരീരശുദ്ധിയുമൊക്കെ ക്ഷേത്രദര്‍ശനത്തിനെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
നാരങ്ങാവിളക്ക്, പൗര്‍ണ്ണമി വിളക്ക്, സൗഭാഗ്യപൂജ തുടങ്ങിയവ ചെയ്യുന്നവര്‍ ഒരു ദിവസത്തെ വ്രതമെങ്കിലും ആചരിക്കണം. ക്ഷേത്രവും പരിസരവും ശുദ്ധവും വൃത്തിയും ഉള്ളതാകാനും ഭക്തജനങ്ങള്‍ ശ്രദ്ധിക്കണം.
ചുണ്ടുകള്‍ ചലിക്കാതെ മനസ്സുകൊണ്ട് പ്രാര്‍ത്ഥിക്കുന്നത് ഉത്തമം. ചുണ്ടുകള്‍ ചലിപ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന മദ്ധ്യമം. മറ്റുള്ളവര്‍ കേള്‍ക്കുന്നവിധം ഉച്ചത്തിലുള്ള പ്രാര്‍ത്ഥന അരുത്. മനസ്സിനുള്ളില്‍ പ്രാര്‍ത്ഥിക്കുന്നതാണ് അത്യുത്തമം.
സര്‍വ്വ ഐശ്വര്യത്തിനും അഭീഷ്ടസിദ്ധിക്കും വേണ്ടി ഭഗവാന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാട്. അര്‍ച്ചന, അഭിഷേകം, നിവേദ്യം, ചന്ദനം ചാര്‍ത്തല്‍, വിളക്ക് ഇവയൊക്കെ വഴിപാടുകളാണ്.
വെടിവഴിപാട്, മീനൂട്ട്, ഗണപതിഹോമം, തുലാഭാരം, നാളികേരം ഉടയ്ക്കല്‍, മൃത്യുഞ്ജയഹോമം, കറുകഹോമം, ശത്രുസംഹാരം, തൃക്കൈവെണ്ണ, വടമാല,
വെറ്റിലമാല, ചെറുനാരങ്ങ മാല, വെണ്ണ ചാര്‍ത്തല്‍, പൂമൂടല്‍, ഗുരുതി തുടങ്ങിയവയുമുണ്ട്. ഓരോ വഴിപാടിനും ഓരോ ഫലമുണ്ട്.
നിവേദ്യങ്ങള്‍ ഓരോ ദേവതാ സങ്കല്പമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. തൃമധുരം, വെള്ളനിവേദ്യം, മലര്‍നിവേദ്യം, പായസം, അപ്പം എന്നിവയൊക്കെ നിവേദ്യങ്ങളില്‍ പ്രധാനമാണ്.
Post Your Comments