ചെന്നൈ: ശങ്കറിന്റെ അസോസിയേറ്റായ ചിമ്പുദേവന്റെ ‘ ഇംസൈ അരസന്‍ 24-മത് പുലികേശി’ എന്ന സിനിമയിലെ നായകനായ വടിവേലു ഷൂട്ടിങിനെത്താത്തതിനാൽ ചിത്രം വഴിമുട്ടിയിരിക്കുകയാണ്. വടിവേലുവിന്റെ ചില പിടിവാശികളാണ് ചിത്രീകരണം തടസ്സപ്പെടാനുള്ള കാരണം. പാര്‍വ്വതി ഓമനക്കുട്ടനാണ് ചിത്രത്തിലെ നായിക. ശങ്കറാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറങ്ങേണ്ടിയിരുന്ന സിനിമയുടെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
മാത്രമല്ല സിനിമ എതാണ്ട് വഴിമുട്ടിയ അവസ്ഥയിലാണ്. സിനിമ പകുതിയായപ്പോള്‍ വടിവേലു കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടു. സിനിമയില്‍ വലിയ താരങ്ങളൊന്നും പാടില്ലെന്നും തനിക്ക് സ്വന്തമായി ഒരു കോസ്റ്റ്യൂം ഡിസൈനറെ വേണമെന്നും ആവശ്യപ്പെട്ടു. സംവിധായകന്‍ തിരഞ്ഞെടുത്തിരുന്ന ഏതാനും ചില അഭിനേതാക്കളെ സിനിമയില്‍ നിന്ന് മാറ്റണമെന്ന് വടിവേലു നിര്‍ബന്ധിച്ചു. ഓരാന്നായി ഒത്തുതീര്‍പ്പാകുമ്പോള്‍ വടിവേലു പുതിയ പ്രശനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
പത്ത് ദിവസത്തെ ചിത്രീകരണമാണ് ഇതുവരെ തീര്‍ന്നിരിക്കുന്നത്. ചെന്നൈയിലെ ഇവിപി സ്റ്റുഡിയോയില്‍ ഒരുക്കിയിരിക്കുന്ന സെറ്റിന് ലക്ഷങ്ങളോളം ചെലവാക്കിയിട്ടുണ്ട്. ഏതാനും പ്രധാനപ്പെട്ട രംഗങ്ങള്‍ ഇനിയും ചിത്രീകരിക്കാനുണ്ട്. അതിനിടയിലാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. രജനികാന്ത് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ശങ്കർ. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിലും താരസംഘടനയായ നടികര്‍ സംഘത്തിലും ശങ്കര്‍ പരാതി നല്‍കി.
Post Your Comments