ജയ്പൂര്‍•സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദമായ് പദ്മാവതി സിനിമയ്ക്ക് പിന്തുണച്ചുകൊണ്ട് രാജപുത്രര്‍ക്കെതിരെ പ്രസ്താവന നടത്തിയ മുതിര്‍ന്ന ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ജയ്‌പ്പൂരിലെ സിന്ധി ക്യാംപ് പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയിലാണ് എഫ്.ഐ.ആര്‍.
രജപുത്രന്‍മാര്‍ ഒരിക്കലും ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്തിരുന്നില്ലെന്നും 200 ഓളം വര്‍ഷം ബ്രീട്ടീഷുകാരുടെ പാദസേവ ചെയ്തിരുന്നവരാണ് അവരെന്നും ജാവേദ് അക്തര്‍ പറഞ്ഞിരുന്നു.
രാജപുത്രരുടെ ധീരതയേയും ജാവേദ് അക്തര്‍ അധിക്ഷേപിച്ചതായി പരാതിയില്‍ പറയുന്നു.
തിങ്കളാഴ്ചയാണ് പദ്മാവതി സിനിമ വിഷയത്തില്‍ പ്രതികരിക്കവേ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ വിവാദ പ്രസ്താവന നടത്തിയത്.
രജപുത്രരും രാജവാദികളും ഒരിക്കലും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയിട്ടില്ല. ഇവരാണ് ഇപ്പോള്‍ സിനിമയ്ക്കെതിരെ തെരുവില്‍ ഇറങ്ങുകയും കൊലവിളി നടത്തുകയും ചെയ്യുന്നത്. ഈ റാണമാറും, രാജമാരും, മഹാരാജമാരും 200 വര്‍ഷം ബ്രിട്ടീഷുകാര്‍ക്ക് സേവ നടത്തിയവരാണ്. . ആ സമയത്ത് രജപുത്രന്‍മാരുടെ അഭിമാനവും അന്തസും എവിടെയായിരുന്നു? ബ്രിട്ടീഷുകാരെ സേവിക്കാന്‍ അവര്‍ തയ്യാറായതുമുതല്‍ അവര്‍ എന്താണോ ആവേണ്ടത് അത് തന്നെയാണ് ആയിട്ടുള്ളതെന്നും ഒരു ചാനലിനോട് ജാവേദ് അക്തര്‍ പറഞ്ഞിരുന്നു.
അതേസമയം ജാവേദ് അക്തറിന്റെ പ്രസ്താവനക്കെതിരെ രജപുത് കര്‍ണിസേന രംഗത്തെത്തി. അക്തര്‍ രാജസ്ഥാനില്‍ പ്രവേശിക്കുന്നത് തടയുമെന്നും അതിന് അദ്ദേഹം മുതിര്‍ന്നാല്‍ തെരുവിലിട്ട് അദ്ദേഹത്തെ അടിക്കുമെന്നും കര്‍ണിസേന സംസ്ഥാന പ്രസിഡന്റ് മഹിപാല്‍ സിങ് പറഞ്ഞു.
ജാവേദ് അക്തറിനെപ്പോലുള്ളവര്‍ ചരിത്രം വളച്ചൊടിച്ച് ബ്രിട്ടീഷുകാരെ സേവിച്ചവരാണ് രജപുത്രന്‍മാര്‍ എന്ന് വരുത്തിത്തീര്‍ക്കുകയാണ്. ഇനി പ്രഭാഷണത്തിനായി ജയ്പൂരില്‍ കാലുകുത്താന്‍ പോലും ജാവേദ് അക്തറിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments