ദുബായ്: ദുബായില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് പരിമിതപ്പെടുത്താന്‍ ആര്‍ടിഐ നീക്കം. ഗതാഗതകുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഇതടക്കമുള്ള ആര്‍ടിഎയുടെ പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലായാല്‍ വിദേശികള്‍ക്ക് സ്വന്തം വാഹനത്തിലുള്ള യാത്ര വളരെ ചിലവേറിയതുമാകും.
ഫെഡറല്‍ ഗതാഗത നിയമങ്ങള്‍ അനുസരിച്ചുള്ള പരിഷ്‌കരണമാണ് ദുബായില്‍ നടപ്പാക്കുകയെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതില്‍ ചില തസ്തികകളിലുള്ളവരെ ഒഴിവാക്കും. പഴയ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം, വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നിരക്കില്‍ മാറ്റം വരുത്തല്‍, വാഹനത്തിന്റെ എന്‍ജിന്‍ ശേഷിക്ക് അനുസൃതമായി ലൈസന്‍സ് എന്നിവയും പരിഗണനയിലാണ്. വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനവും വര്‍ഷത്തില്‍ ഓടുന്ന കിലോമീറ്ററും മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കുന്നതിലും പുതിയ നിയമം കൊണ്ടുവരും. ഓരോ വാഹനത്തിന്റെയും ഇന്‍ഷുറന്‍സ് പുതുക്കണമെങ്കില്‍ എത്ര കിലോമീറ്റര്‍ ഓടി എന്നതു കൂടി പരിശോധിക്കും. എത്ര അപകടങ്ങള്‍ ഉണ്ടാക്കിയെന്നും വിലയിരുത്തും. ഉപയോഗിക്കുന്ന അധിക ഇന്ധനത്തിനു നിരക്ക് ഈടാക്കി പൊതു ഗതാഗത പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്നതും പരിഗണനയിലാണ്.
ഇതിനു പുറമേ പരിസ്ഥിതി സൗഹൃദമല്ലാത്ത വാഹനങ്ങളുടെ ഇറക്കുമതിയും റജിസ്‌ട്രേഷനും നിയന്ത്രിക്കും.
പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും. ഒപ്പം പൊതുഗതാഗത സംവിധാനം വിപുലമാക്കാനും ആര്‍ടിഐ നിര്‍ദ്ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കാര്യാലയങ്ങള്‍ എന്നിവയുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള വഴികളും ആലോചിക്കുന്നുണ്ട്. കൂടുതല്‍ നടപ്പാതകള്‍ നിര്‍മ്മിക്കുകയും സൈക്കിള്‍ സവാരി പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും.
Post Your Comments