KeralaLatest NewsNewsLife Style

ഹൃദ്യം – കുട്ടികൾക്കായി സൗജന്യ ഹൃദയ ചികിത്സ പദ്ധതി

തിരുവനന്തപുരം•ജനനസമയത്ത് സങ്കീർണ്ണമായ ഹൃദയരോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഹൃദ്യം പദ്ധതിയുടെ സേവനത്തെ കൂടുതൽ ജനകീയമാക്കുന്നതിനായി പദ്ധതിയുടെ പ്രവർത്തനങ്ങള്‍ ഊർജ്ജിതപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു. രാജ്യത്താദ്യമായാണ് വെബ്സൈറ്റ് രജിസ്ട്രേഷൻ ഉപയോഗിച്ച് ഇത്തരത്തിലൊരു സൗജന്യ ഹൃദയ ശസ്ത്രക്രിയാ സംവിധാനം നടത്തുന്നത്. കേരള സർക്കാരും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമവുമാണ് ഇതിനുള്ള ഫണ്ട് നൽകുന്നത്.

രോഗം നിർണ്ണയിച്ചു കഴിഞ്ഞാൽ രക്ഷിതാക്കള്‍ hridyam.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കിൽ 24 മണിക്കൂറും ശസ്ത്രക്രിയക്ക് ഒഴിവുള്ള ആശുപത്രികളിൽ കുഞ്ഞിനെ പ്രവേശിപ്പിക്കാനാവും. കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ സൗകര്യമുള്ള ആശുപത്രികളായ ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തിരുവനന്തപുരം, കോട്ടയം ഗവഃ മെഡിക്കൽ കോളേജ്, കൊച്ചി അമൃത ആശുപത്രി, ആസ്റ്റർ മെഡിസിറ്റി, തിരുവല്ല ബിലീവേഴ്സ് ചർച്ച്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് ഹൃദ്യം പദ്ധതി പ്രകാരം ചികിത്സാ സൗകര്യം ലഭ്യമാകുന്നത്. ഇതിലൂടെ ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ കാരണം 8 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണം പൂർണ്ണമായും ഒഴിവാക്കാനാകുമെന്ന്മന്ത്രി പറഞ്ഞു.

പ്രതിവർഷം 2000 കുട്ടികളാണ് സംസ്ഥാനത്ത് ഹൃദയ സംബന്ധിയായ രോഗങ്ങളുമായി ജനിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം ശിശുമരണങ്ങള്‍ ഒഴിവാക്കാനായുള്ള പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുവാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നൂതനമായ സാങ്കേതിക സഹായത്തോടെ ഹൃദ്രോഗം മൂലമുള്ള കുട്ടികളുടെ മരണത്തെ തടയുവാനായാണ് ഈ പദ്ധതി തയ്യാറാക്കിയത്. അതിനായി യുനീസെഫും ബോസ്റ്റൺ അധിഷ്ഠിത ഓർഗനൈസേഷൻ ആയ ചിൽഡ്രൻസ് ഹാർട്ട് ലിങ്കുമായി ചേർന്ന് അവരുടെ സാങ്കേതിക സഹായം ലഭ്യമാക്കുവാനും സാധിച്ചിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയ ഇന്ന് ഏറെ ചിലവേറിയ ചികിത്സയാണ്. അതിനായി സർക്കാർ സംവിധാനത്തിൽ ഒട്ടേറെ പരിരക്ഷകളും നൽകുന്നുണ്ട്. എന്നിരുന്നാൽ തന്നെയും രോഗതീവ്രത കാരണം മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകുമ്പോള്‍ ഒരുപക്ഷേ സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത വന്നുചേരുന്നുണ്ട്. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരമൊരു സൗജന്യ പദ്ധതിക്ക് സർക്കാർ രൂപം നൽകിയതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഈ പദ്ധതിയിലൂടെ ഇതുവരെ 97 കുട്ടികള്‍ക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തുവാൻ സാധിച്ചിട്ടുണ്ട്. കൂടാതെ നൂറോളം പേർക്ക് ശസ്ത്രക്രിയക്കായി തെരെഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ തീയ്യതി നിശ്ചയിച്ചു നൽകിയിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ഒരു കുട്ടിപോലും മരണപ്പെടുവാൻ പാടില്ല എന്നതാണ് ഈ ദൗത്യത്തിന്റെ പരമോന്നത ലക്ഷ്യം. അതുകൊണ്ടുതന്നെ ഈ പദ്ധതിയുടെ പ്രയോജനം കുടുംബത്തിലെ സാമ്പത്തിക നിലവാരമോ മറ്റ് മാനദണ്ഡങ്ങളോ ഒന്നും തന്നെ നോക്കാതെ എല്ലാ വിഭാഗത്തിനും ലഭിക്കത്തക്ക രീതിയിലാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കിവരുന്നത്. മാത്രമല്ല പദ്ധതിയുടെ സേവനം ലഭിക്കുവാനായി ആശുപത്രികള്‍ തോറും കുട്ടികളെയും കൊണ്ട് മാതാപിതാക്കള്‍ ബുദ്ധിമുട്ടുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാക്കി സൗജന്യമായി വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുവാൻ രക്ഷിതാക്കള്‍ക്ക് സാധിക്കും. hridyam.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ഉടൻതന്നെ കുട്ടിയുടെ പേരിൽ രജിസ്റ്റർ നമ്പർ ലഭിക്കും. ഇതുതന്നെയായിരിക്കും കുട്ടിയുടെ കേസ് നമ്പറും. എല്ലാ ഫോമുകളും പൂരിപ്പിച്ച ശേഷം ജില്ലാ ഓഫീസർ അപേക്ഷ ഓൺലൈന്‍ വഴി തന്നെ സാക്ഷ്യപ്പെടുത്തി രോഗത്തിന്റെ സ്വഭാവമനുസരിച്ച് മുൻഗണനാ പട്ടികയിൽ ഉള്‍പ്പെടുത്തി ചികിത്സാസേവനം എത്രയും വേഗം ലഭ്യമാക്കിയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. ഇതിനുവേണ്ടി ജില്ലകള്‍തോറും പ്രവർത്തിക്കുന്ന ഡി.ഇ.ഐ.സി. കളിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. കുട്ടികളുടെ രോഗതീവ്രതയുടെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാനത്തെ കൂടുതൽ മെഡിക്കൽ കോളേജുകളിൽ പദ്ധതിയുടെ പ്രവർത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാൻ ഹൃദ്യം പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പ്രഥമസംരംഭമായ ഈ പദ്ധതി സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലുമുള്ള ഹൃദയസംബന്ധിയായ രോഗമുള്ള പിഞ്ചുകുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ സാമ്പത്തിക നിലവാരം നോക്കാതെ ചികിത്സ ലഭിക്കുമെന്നുള്ളതാണ്. ഒരു കുഞ്ഞിന്റെ ജീവൻ നിലനിർത്തേണ്ടത് സാമ്പത്തികഭദ്രതയുടെ ഭാഗമായല്ല മറിച്ച് സർക്കാറിന്റെ കടമയാണ് എന്ന് ഉത്തമബോധ്യമുണ്ട്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങള്‍ക്കായുള്ള ഈ പദ്ധതി നിരവധി മാതാപിതാക്കള്‍ക്ക് ആശ്രയമാകുകയാണ്. ഏറെ ജനോപകാരപ്രദമായ ഇത്തരം പദ്ധതികള്‍ സമൂഹത്തിന്റെ ഏറ്റവും താഴെതട്ടിൽ വരെ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button