കാസര്‍കോട്: പ്രസംഗം നടത്തുകയായിരുന്ന ജഡ്ജി ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത് കേട്ട് പോലീസ് അമ്പരന്നു. കാസര്‍കോട് കുമ്പള ബസ് സ്റ്റാന്‍ഡിനു സമീപം പ്രസംഗം നടത്തുകയായിരുന്നു സബ് ജഡ്ജി ഫിലിപ്പ് തോമസ്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കു എതിരെയായിരുന്നു സബ് ജഡ്ജിയുടെ പ്രസംഗം. പ്രസംഗത്തിനു കാര്യമായി ജനശ്രദ്ധ ഇല്ലായിരുന്നു. അപ്പോഴാണ് നാട്ടുകാരെയും പോലീസിനെയും ഞെട്ടിച്ചു കൊണ്ട് ജഡ്ജി ബസ് ജീവനക്കാരെയും മുതലാളിയെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
എസ്‌ഐയെ വിളിച്ചു വരുത്തി അവിടെ കാണുന്ന ബസിലെ ജീവനക്കാരെയും മുതലാളിയെയും അറസ്‌റ് ചെയ്ത് ഹാജരാക്കൂ എന്ന ഉത്തരവ് മൈക്കിലൂടെ കേട്ടത് പോലീസിനെ ശരിക്കും അമ്പരിപ്പിച്ചു.
ബസിനുള്ളില്‍ കയറാനായി വരിവരിയായി നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ബസ്സ്റ്റാന്‍ഡിന് മുന്‍വശത്തെ സ്വീകരണ വേദി പ്രസംഗം നടത്തുന്ന സബ് ജഡ്ജി ഫിലിപ്പ് തോമസ് ശ്രദ്ധിച്ചിരുന്നു. ഇവര്‍ക്കു നേരെ അസഭ്യം പറയുകയും തള്ളിമാറ്റുകയും ചെയുന്ന ബസ് ജീവനക്കാരെ കണ്ട ജഡ്ജി നീതി നടപ്പാക്കാന്‍ തീരുമാനിച്ചു. കുമ്പള എസ്.ഐ ജയശങ്കറിനെ മൈക്കിലൂടെ വിളിച്ച് വരുത്തിയ ശേഷം ബസിലെ ജീവനക്കാരെയും മുതലാളിയെയും അറസ്‌റ് ചെയ്ത് ഹാജരാക്കൂ എന്ന് ഉത്തരവ് നല്‍കി. ഇതോടെ എസ്.ഐയും മറ്റു പോലീസുകാരും ചേര്‍ന്ന് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഉടന്‍ തന്നെ ഇവരെ പോലീസ് ജഡ്ജിക്ക് മുന്‍പില്‍ ഹാജരാക്കി.
ബസ് ജീവനക്കാരെ പരസ്യമായി ജഡ്ജി ശകാരിച്ചു. സൗജന്യനിരക്കിലുള്ള ബസ് യാത്ര കുട്ടികളുടെ ഔദാര്യമല്ല. അത് അവകാശമാണ്. നാളെ പഠിച്ച് വലുതായി രാജ്യത്തെ നയിക്കേണ്ടവരാണ് കുട്ടികളെന്നും ജഡ്ജി ഓര്‍മിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമായി നടക്കുന്നവെന്നു ഉറപ്പു വരുത്താന്‍ ജഡ്ജി പോലീസിനു നിര്‍ദേശം നല്‍കിയതിനു ശേഷമാണ് മടങ്ങിയത്.
Post Your Comments