കൊച്ചി: സിനിമ കാണാന്‍ കൊടുക്കേണ്ടത് 103 രൂപ. ഇടവേളയില്‍ പുറത്തിറങ്ങി ഒരു കട്ടനടിച്ചാല്‍ അതിന് 100 രൂപ കൊടുക്കേണ്ടിവന്നാലോ? ഒബ്‌റോണ്‍ മാളിലെ തീവെട്ടിക്കൊള്ളയ്്ക്ക് എതിരെ സംവിധായകനായ സുജിത്ത് വാസുദേവന്‍ ഇട്ട പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഇതോടെ മാളിലെ തിയേറ്ററിനെതിരെ ജനരോഷമുയരുകയാണ്. നിരവധി പേരാണ് ഈ തീവെട്ടിക്കൊള്ളയ്‌ക്കെതിരെ കമന്റുമായി എത്തുന്നത്.
ഒബ്‌റോണ്‍ മാളിലെ പിവിആര്‍ സിനിമാക്‌സില്‍ ഒരു സിനിമ കാണാന്‍ വെറും 103 രൂപ നല്‍കിയാല്‍ മതി. എന്നാല്‍ ഇടവേളക്ക് ഇറങ്ങുന്ന കാണികള്‍ക്ക് ഒരു കട്ടന്‍ ചായ കുടിക്കാനും 100 രൂപ നല്‍കേണ്ടി വന്നാലോ? എന്ന ചോദ്യമുയര്‍ത്തിയാണ് സംവിധായകനും, ഛായഗ്രാഹകനുമായ സുജിത്ത് വാസുദേവന്‍ ഒബ്‌റോണ്‍ മാളില്‍ സ്ഥിതി ചെയ്യുന്ന സിനിമാക്‌സിന്റെ ക്യാന്‍ീനില്‍ നടക്കുന്ന ഈ കൊള്ള പുറത്തുകൊണ്ട് വന്നിരിക്കുന്നത്.
പിവിആര്‍ സിനിമാക്‌സിന്റെ ഫുഡ് ഡിവിഷന്‍ ബില്ല് ഉള്‍പ്പെടെ സുജിത്ത് തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച വിഷയം ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ഒരു കട്ടന്‍ ചായ തയ്യാറാക്കാനുണ്ടാകുന്ന ചെലവ് പരമാവധി എത്ര വരുമെന്ന് വ്യക്തമാക്കിയാണ് സുജിത്തിന്റെ പോസ്റ്റ്. തിളച്ച വെള്ളത്തിലേക്ക് 5രൂപയുടെ ടീ സാഷെയും, രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും മാത്രം തന്നെയാണ് ഫില്‍ട്ടര്‍ കോഫി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ കട്ടന്‍ചായയുണ്ടാകാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് സുജിത്ത് ചൂണ്ടിക്കാട്ടുന്നു.
പുറത്ത് നിന്നുള്ള ഭക്ഷണത്തിന് പ്രവേശനം വിലക്കിയിരിക്കുന്ന സിനിമാക്‌സില്‍ മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും പൊള്ളുന്ന വിലയാണ് ഈടാക്കുന്നത്. ഇത്തരത്തില്‍ എയര്‍പോര്‍ട്ടുകളിലെയും മാളുകളിലെ സിനിമാശാലകളിലേയും ക്യാന്റീനുകളിലും സ്റ്റാളുകളിലും വന്‍ കൊള്ളയാണ് നടക്കുന്നതെന്ന് നേരത്തെ തന്നെ നിരവധി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
എന്നാലും ഒരു കട്ടന്‍ ചായക്ക് നൂറുരൂപ നല്‍കേണ്ട ഗതികേടിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയുള്ള സുജിത്തിന്റെ പോസ്റ്റ് വലിയ ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍.
Post Your Comments