KeralaLatest NewsNews

പ്രമുഖ ജ്വല്ലറികളില്‍ നിന്നും ലക്ഷങ്ങളുടെ സ്വര്‍ണം തട്ടിച്ചെടുത്ത കേസിലും മറ്റു നിരവധി തട്ടിപ്പു കേസിലും കോടികള്‍ സമ്പാദിച്ച പൂമ്പാറ്റ സിനി പിടിയില്‍

 

തൃശ്ശൂര്‍: ജൂവലറിയുടമയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത അന്തര്‍ജില്ലാ തട്ടിപ്പുസംഘത്തെ തൃശ്ശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം, കുമ്പളങ്ങി തണ്ടാശ്ശേരി വീട്ടില്‍ സിനിലാലു (പൂമ്പാറ്റ സിനി-38), തൃശ്ശൂര്‍ അഞ്ചേരി ചക്കാലമറ്റം വീട്ടില്‍ ബിജു (33), അരിമ്പൂര്‍ കൊള്ളന്നൂര്‍ താഞ്ചപ്പന്‍വീട്ടില്‍ ജോസ് (49), എന്നിവരാണ് പിടിയിലായത്.

സിനിയാണ് തട്ടിപ്പുകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നത്. നിരവധി തട്ടിപ്പുകള്‍ നടത്തി ഇവര്‍ കോടികള്‍ സമ്പാദിച്ചതായും പോലീസ് കണ്ടെത്തി. കൊലപാതകശ്രമമടക്കം നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയാണ് സിനിലാലുവെന്ന് പോലീസ് പറഞ്ഞു. ശ്രീജ, ശാലിനി, ഗായത്രി, മേഴ്‌സി എന്നിങ്ങനെ പല പേരുകളിലാണിവര്‍ അറിയപ്പെടുന്നത്.

തൃശ്ശൂര്‍ ഹൈറോഡിലെ പ്രമുഖ ജൂവലറിയില്‍ ആറുമാസം മുമ്പ് സിനി എത്തി ഒന്നരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ എടുത്ത് ജൂവലറിയുടമയുമായി പരിചയത്തിലായി. ബിസിനസുകാരിയാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളില്‍ റിസോര്‍ട്ടുകള്‍ ഉണ്ടെന്നുമാണ് പരിചയപ്പെടുത്തിയത്. മകള്‍ എം.ബി.ബി.എസിന് തൃശ്ശൂരില്‍ പഠിക്കുകയാണെന്നും അതിനാലാണിവിടെ താമസിക്കുന്നതെന്നും പറഞ്ഞു. തുടര്‍ന്ന് ജൂവലറിയുടമയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടു. നിരവധി തവണ ജൂവലറിയിലെത്തി.

മറ്റൊരു ജൂവലറിയില്‍ 17 ലക്ഷത്തിന്റെ സ്വര്‍ണം പണയത്തിലുണ്ടെന്നും അവിടെനിന്ന് സ്വര്‍ണം എടുത്ത് ഇവിടത്തെ ജൂവലറിയില്‍ പണയം വെയ്ക്കാമെന്നും പറഞ്ഞ് 17 ലക്ഷം കൈക്കലാക്കി.

ആ ജൂവലറിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടന്നുവെന്നു പറഞ്ഞ് വീണ്ടും മൂന്നുലക്ഷത്തോളം രൂപയും 70 ഗ്രാം വരുന്ന സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു. ഈ കേസിലാണ് സിനിയടക്കമുള്ള മൂന്നുപേര്‍ അറസ്റ്റിലാകുന്നത്.
സിനിയുടെയും സംഘത്തിന്റെയും തട്ടിപ്പ് ഇങ്ങനെ

എറണാകുളം ജില്ലയിലെ പ്രശസ്ത ജൂവലറിയിലെത്തി സൗത്ത് പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാരിയാണെന്ന് പരിചയപ്പെടുത്തി മകളുടെ വിവാഹമാണെന്ന് വിശ്വസിപ്പിച്ച് 95 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു.
കോടികള്‍ വിലമതിക്കുന്ന പുരാതന നടരാജവിഗ്രഹം വില്‍ക്കാനുണ്ടെന്ന് അറിയിച്ച് വിഗ്രഹം വാങ്ങാനെത്തിയ ആളുകളുടെ കൈയില്‍നിന്ന് 30 ലക്ഷം തട്ടിയെടുത്തു. എറണാകുളം തോപ്പുംപടിയില്‍ കോടികള്‍ വിലമതിക്കുന്ന ഗണപതിവിഗ്രഹം വില്‍പ്പനയ്ക്കുണ്ടെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്തു.
ആലപ്പുഴ അരൂരില്‍ റിസോര്‍ട്ട് ഉടമയുമായി പരിചയപ്പെട്ട് മോശപ്പെട്ട രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടിയെടുത്തു. ഈ സംഭവത്തില്‍ തട്ടിപ്പിനിരയായ റിസോര്‍ട്ടുടമ ആത്മഹത്യചെയ്തു.

ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഭാര്യയാണെന്ന് വിശ്വസിപ്പിച്ച് സ്ഥലം വില്‍ക്കാനുണ്ടെന്നു പറഞ്ഞ് 15 ലക്ഷം തട്ടിയെടുത്തു. പഴയ തറവാട്ടമ്ബലം പുതുക്കിപ്പണിയുന്ന സമയത്ത് നിധി കിട്ടിയെന്നും ഇത് വില്‍ക്കുകയാണെന്നും പറഞ്ഞ് 20 ലക്ഷവും സ്വര്‍ണബിസിനസില്‍ പണം ഇറക്കിയാല്‍ നാലുമാസംകൊണ്ട് ഇരട്ടിയാക്കി തിരിച്ചുനല്‍കാമെന്നും പറഞ്ഞ് എട്ടുലക്ഷവും തട്ടിയെടുത്തു.

നെടുമ്പോശ്ശേരി എയര്‍പോര്‍ട്ടില്‍ നികുതി വെട്ടിച്ച് കൊണ്ടുവന്ന ഒരു കിലോയോളം വരുന്ന സ്വര്‍ണം വിലക്കുറവില്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് 25 ലക്ഷം തൃശ്ശൂര്‍ സ്വദേശികളില്‍നിന്നും തട്ടിയെടുത്തു. തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ ജൂവലറിയിലെത്തി ഉയര്‍ന്ന ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി 16 ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു.

റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് അഞ്ചുലക്ഷത്തോളം തട്ടിയെടുത്തതായും സിനി സമ്മതിച്ചിട്ടുണ്ട്. സിനി തട്ടിപ്പിലൂടെ സമ്പാദിച്ച പണം റിയല്‍ എസ്റ്റേറ്റ് ബിസിനസിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ്.

തട്ടിപ്പുസംഘം കറങ്ങുന്നത് ആഡംബരക്കാറുകളില്‍
ജൂവലറികളിലെ തട്ടിപ്പില്‍ അറസ്റ്റിലായ സിനിയും സംഘവും കറങ്ങിനടക്കുന്നത് വാടകയ്‌ക്കെടുത്ത ആഡംബരക്കാറുകളില്‍. പണം മുന്‍കൂറായി നല്‍കിയാണ് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നത്. ഇതിന്റെ ഡ്രൈവര്‍മാര്‍ക്കും വീട്ടിലെ ജോലിക്കാര്‍ക്കും പതിനായിരങ്ങളാണ് സിനി ശമ്പളം നല്‍കുന്നത്.
തട്ടിപ്പുകള്‍ പുറത്തുപറയാതിരിക്കുന്നതിനാണ് ഉയര്‍ന്ന വേതനം നല്‍കുന്നത്. തട്ടിപ്പുസംഘം താമസിച്ചിരുന്നത് വന്‍കിട ഫ്‌ളാറ്റുകളിലും വില്ലകളിലുമാണ്.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button