മാന്നാര്‍: ഏറെ നാളായി ചൊവ്വാ ദോഷം കാരണം മകന്റെ വിവാഹം നടക്കാതിരുന്ന വീട്ടമ്മയെ വിവാഹ ബ്രോക്കര്‍ കബളിപ്പിച്ചു. ചെന്നിത്തല ചെറുകോല്‍ സുമേഷ് ഭവനില്‍ സുകുമാരന്റെ ഭാര്യയാണ് തട്ടിപ്പിനു ഇരയായത്. ഇവര്‍ക്കു തട്ടിപ്പില്‍ നഷ്ടമായത് രണ്ടരപ്പവന്‍ വരുന്ന താലിമാലയാണ്.
മകന്റെ വിവാഹം നടക്കാന്‍ പൂജ നടത്തണം. ഇതിലൂടെ ചൊവ്വാ ദോഷം മാറുമെന്നു ഇയാള്‍ പറഞ്ഞു. അതിനു വേണ്ടിയാണ് മാല ഊരി വാങ്ങിയത്. വിവാഹ ബ്രോക്കര്‍ പിന്നീട് മൂന്നു കിഴികള്‍ തയ്യാറാക്കി അതിലൊന്നില്‍ താലിമാലയും വച്ചു. ഇതില്‍ ഒന്ന് വീടിനു മുമ്പില്‍ വച്ചു. ഇതിനെ മറികടന്ന് മാത്രമേ വീട്ടിലേക്ക് പ്രവേശിക്കാനും ഇറങ്ങാനും പാടൂള്ളൂ എന്ന് നിര്‍ദേശിച്ചു.
പിന്നീട് കൈയില്‍ ഉണ്ടായിരുന്ന രണ്ട് കിഴികളുമായി ബ്രോക്കര്‍ സുകുമാരന്റെ കൂടെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പോയി. ബ്രോക്കര്‍ മിച്ചല്‍ ജങ്ഷനിലെത്തിയപ്പോള്‍ വിഗ്രഹം വാങ്ങാനെന്ന വ്യാജേന ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങി. ഈ സമയത്ത് ഒരു കിഴി ഇയാളുടെ കൈയില്‍ ഉണ്ടായിരുന്നു. സുകുമാരന്റെ കൈയിലുള്ള കിഴിയാണ് താലി മാലയുള്ളത്. ഇതുമായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു വലം വയ്ക്കണം. ഇതിനു ശേഷം കിഴി തുറന്ന് മാല കൈയിലെടുത്ത് കൈകൂപ്പി മകന്റെ ഗ്രഹനിലയിലെ പാപ ദോഷങ്ങളകറ്റി വിവാഹം നടക്കുന്നതിനായി പ്രാര്‍ത്ഥിക്കണം.
ഇതുമായി തിരിച്ച് വീട്ടില്‍ എത്തുമ്പോള്‍ പൂജിക്കാനുള്ള വിഗ്രഹങ്ങളുമായി കാത്തുനില്‍ക്കാമെന്നു ബ്രോക്കാര്‍ അറിയിച്ചു. സുകുമാരന്‍ ഇത് അനുസരിച്ച് ക്ഷ്രേതത്തിനു വലം വച്ചു. പിന്നീട് കിഴി തുറന്ന് നോക്കിയപ്പോള്‍ മാല അതില്‍ ഇല്ലായിരുന്നു. തിരിച്ച് വീട്ടിലെത്തി കിഴി തുറന്നപ്പോള്‍ അതിലും മാലയില്ല. പിന്നീട് ബ്രോക്കറെ വിവിധ സ്ഥലങ്ങളില്‍ തിരക്കി. എന്നിട്ടും കാണാതെ വന്നതോടെ പോലീസില്‍ പരാതി നല്‍കി. മാന്നാര്‍ പോലീസ് ബ്രോക്കര്‍ ഭരണിക്കാവ് സ്വദേശിയാണ് എന്നു സൂചന ലഭിച്ചതായി അറിയിച്ചു. പ്രതി മാലയുമായി വടക്കന്‍ ജില്ലകളിലേക്ക് കടന്നെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.
Post Your Comments