
മുംബൈ: ഫേസ്ബുക്ക് കൂട്ടായ്മ കാൻസർ രോഗിയായ വിദ്യാർഥിക്ക് വേണ്ടി സമാഹരിച്ചത് 25 ലക്ഷം രൂപ. വെറും 15 മണിക്കൂറിനുള്ളിലാണ് അവർ റുഷിക്കായി ഇത്രയും വലിയ തുക കണ്ടെത്തിയത്. ഇതിനെല്ലാം കാരണമായത് റുഷിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ്.
‘തുടർച്ചയായ കീമോതെറപ്പിക്കു വിധേയനാകുന്നതിനെക്കാൾ വേദന അച്ഛന്റെ കണ്ണീരു കാണുമ്പോഴാണ്. എംബിഎ പൂർത്തിയാക്കാനും എന്റെ മാതാപിതാക്കൾ അർഹിക്കുന്ന ജീവിതം അവർക്കു നൽകാനും കഴിയുമോ എന്നറിയില്ല’, ഇതായിരുന്നു റുഷിയുടെ വാക്കുകൾ. സമൂഹമാധ്യമത്തിലെ ഉപഭോക്താക്കൾക്ക് ഇത് വെറുതെ വായിച്ചു കളയാൻ സാധിച്ചില്ല. പകരം അവർ മുന്നിട്ടിറങ്ങാൻ തീരുമാനിച്ചു. ഇതുവഴി മറ്റു ഉപയോക്താക്കൾക്ക് വലിയൊരു മാതൃക കൂടി ആകുകയാണ്.
തനിക്ക് കാൻസർ ആണെന്ന് ഗുജറാത്ത് സ്വദേശിയായ റുഷി എംബിഎ പഠനത്തിനു മുംബൈയിൽ എത്തിയ ആദ്യ നാളുകളിൽത്തന്നെ തിരിച്ചറിഞ്ഞു. പക്ഷെ സാമ്പത്തികനില ഭദ്രമല്ലാത്ത കുടുംബം ഇതറിഞ്ഞതോടെ പതറിപ്പോയി. ലക്ഷങ്ങളാണ് കീമോതെറപ്പിക്കു മാത്രമായി ചെലവായത്.
ചികിത്സ പണമില്ലാത്തതുമൂലം മുടങ്ങിയപ്പോഴാണു വേദനയും സ്വപ്നങ്ങളുമെല്ലാം റുഷി ഫെയ്സ്ബുക്കിൽ കുറിച്ചത്. ഈ കുറിപ്പ് തങ്ങളുടെ പേജിൽ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ പങ്കുവച്ചു. തുടർന്ന് റുഷിക്കായി രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്നു സഹായം പ്രവഹിച്ചു. 25 ലക്ഷം സമാഹരിക്കാനായ വിവരം പങ്കുവച്ച് ‘ഹ്യൂമൻസ് ഓഫ് ബോംബെ’ ഇങ്ങനെ കുറിച്ചു. നല്ലവരായ മനുഷ്യർ നന്മയുള്ള ലോകത്തെക്കുറിച്ചുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നു, നന്ദി.
Post Your Comments