കോഴിക്കോട്: ഇ-മെയില്‍ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍നിന്ന് 50 ലക്ഷം രൂപ തട്ടിയ മുംബൈ സ്വദേശികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശിയായ വിദേശ വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്നു പണം തട്ടിയെടുത്ത മുംബൈ താനെ സ്വദേശികളായ ജിതേന്ദ്രമഹന്‍ റാത്തോഡ്, സമീര്‍ അന്‍വര്‍ എന്നിവരാണു മുംബൈ സൈബര്‍ പോലീസിന്റെ പിടിയിലായത്. ഇവരെ കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളിലെ അക്കൗണ്ടുകളില്‍നിന്നായി 50 കോടി രൂപയോളം ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നു ചോദ്യംചെയ്യലില്‍ വ്യക്തമായി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു വരികയാണ്. വ്യാജ പേരിലായിരുന്നു പ്രതികള്‍ ബാങ്ക് അക്കൗണ്ടും തിരിച്ചറിയില്‍ കാര്‍ഡും സംഘടിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശിയായ വിദേശ വ്യാപാരി ഇ-മെയില്‍ വഴി അയയ്ക്കുന്ന ഫണ്ടിങ് ട്രാന്‍സ്ഫറിങ് ലെറ്റര്‍ വ്യാജമായി ഉണ്ടാക്കിയാണ് ഹാക്ക്‌ചെയ്ത മെയിലിലൂടെ 50 ലക്ഷം രൂപ തട്ടിയെടുത്തത്.
സാധാരണ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ബാങ്കിന് ട്രാന്‍സ്ഫറിങ് ലെറ്റര്‍ ഇ-മെയില്‍ മുഖേന അപേക്ഷ നല്‍കാറുണ്ട്. വ്യാപാരിയുടെ ഇ-മെയില്‍ പ്രതികള്‍ ഹാക്ക് ചെയ്യുകയും വ്യാജ ട്രാന്‍സ്ഫറിങ് ലെറ്ററുണ്ടാക്കി ബാങ്കിന് അയയ്ക്കുകയുമായിരുന്നു. സ്ഥിരമായി ലഭിക്കുന്ന ട്രാന്‍സ്ഫറിങ് ലെറ്ററും മെയില്‍ ഐഡിയും കണ്ടതിനാല്‍ ബാങ്കിനും സംശയമുണ്ടായില്ല.
ബാങ്കില്‍നിന്നു തുക രാജസ്ഥാനിലെ പ്രതികളുടെ അക്കൗണ്ടിലേക്കാണു മാറ്റിയത്. ഈ പണം ആര്‍.ടി.ജി.എസ്. വഴി മറ്റൊരു അക്കൗണ്ടിലേക്കു മാറ്റാന്‍ ശ്രമിച്ചതാണ് ബാങ്ക് അധികൃതര്‍ക്കു സംശയമുണ്ടാക്കിയത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതികള്‍ മുങ്ങുകയായിരുന്നു. മുംബൈ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് അന്വേഷണമാരംഭിച്ചു.
സമാനരീതിയില്‍ തട്ടിപ്പുനടത്തിയതിന് മുംബൈ സൈബര്‍ സെല്ലില്‍ പ്രതികള്‍ക്കെതിരേ കേസുകളുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ നമ്പറുകളും അടിസ്ഥാനമാക്കിയുള്ള കേസന്വേഷണത്തില്‍ പ്രതികള്‍ ബാന്ദറിലുണ്ടെന്ന് കണ്ടെത്തുകയും അറസ്റ്റ്‌ചെയ്യുകയുമായിരുന്നു.
ഹൈദരാബാദ്, പട്യാല, പുനെ എന്നിവിടങ്ങളിലും ഇവര്‍ക്കെതിരേ കേസുകളുണ്ട്.
Post Your Comments